ഉയർന്ന ടിക്കറ്റ് നിരക്ക്; പെരുന്നാളിന് നാടണയാനാവാതെ പ്രവാസികൾ
text_fieldsമസ്കത്ത്: ഈ വർഷം ബലിപെരുന്നാളിന് ഒമ്പത് ദിവസം അവധി കിട്ടിയെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നാട്ടിൽ പോവാൻ കഴിയാതെ പ്രവാസികൾ. പെരുന്നാൾ അവധി അഞ്ചു ദിവസമാണെങ്കിലും രണ്ട് വാരാന്ത്യ അവധികൾ ചേർത്ത് ഒമ്പത് ദിവസമാണ് ഒമാനിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ലഭിക്കുന്നത്. ദീർഘ അവധി ലഭിച്ചതോടെ പലർക്കും നാട്ടിൽ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കണെമന്ന് ആഗ്രഹമുണ്ടെങ്കിലും ഉയർന്ന വിമാനനിരക്കു കാരണം ആഗ്രഹം മാറ്റിവെക്കുകയാണ്.
മസ്കത്തിൽനിന്ന് കേരളത്തിലെ എല്ലാ സെക്ടറിലേക്കും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ചില വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാനുമില്ല. സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒന്നിച്ചെത്തിയതാണ് നിരക്കുകൾ കുത്തനെ ഉയരാനും പ്രധാന കാരണം. സാധാരണ സ്കൂൾ വേനൽ അവധിക്കാലത്ത് ഒമാനിൽ വിമാനകമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കാറുണ്ട്. സ്കൂൾ അവധിക്കാലം വിമാന കമ്പനികളുടെ കൊയ്ത്തുകാലമാണ്. ജൂൺ ആദ്യത്തോടെ ഒമാനിൽനിന്ന് ഇന്ത്യൻ സെക്ടറിലേക്കും ജൂലൈ അവസാനത്തോടെ കേരളത്തിൽനിന്ന് മസ്കത്തിലേക്കും ഉയർന്ന നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കാറുള്ളത്. ഈ വർഷം സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒന്നിച്ചാണെത്തിയിരിക്കുന്നത്. അതോടെ നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തു. ബജറ്റ് വിമാനകമ്പനികൾപോലും വൺവേക്ക് 140 റിയാലിന് മേലയാണ് ഈടാക്കുന്നത്. മാത്രമല്ല ഒമാൻ എയറിന് കോഴിക്കോട്ടേക്ക് ടിക്കറ്റുകൾ ലഭിക്കാനുമില്ല. ബജറ്റ് വിമാന കമ്പനിയായ സലാം എയറിലും സീറ്റൊഴിവില്ല. പെരുന്നാൾ ദിവസം സീറ്റുണ്ടെങ്കിലും വൺവേ നിരക്ക് 183 റിയാലാണ്. എയർ ഇന്ത്യ എക്പ്രസ് കോക്കോട്ടേക്ക് 140 റിയാലാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കും കണ്ണൂ രിലേക്കും സമാനനിരക്കുകൾ തന്നെയാണുള്ളത്. തിരുവനന്തനപുരത്തേക്ക് വൺവേ നിരക്കുകൾ 148 റിയാലായി ഉയരും.
നിരക്കുകൾ ഉയർന്നതോടെ പലരും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഒമാനിൽ ചൂട് കടുത്തതോടെ ഒമാനി സ്വദേശികളും ഇന്ത്യയിലേക്ക് സന്ദർശക വിസയിൽ പോവുന്നുണ്ട്. എന്നാൽ നിരക്കുകൾ വർധിച്ചത് ഇത്തരം യാത്രക്കാർക്കും തിരിച്ചടിയാണ്. അവധി ആരംഭിച്ചതോടെ ജോർജ്ജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് ടൂർ പാക്കേജുമായി ഒമാനിലെ ട്രാവൽ ഏജന്റുകൾ രംഗത്തുണ്ട്. ജോർജ്ജിയിലേക്ക് ടിക്കറ്റും താമസവും ഭക്ഷണവുമടക്കമുള്ള പാക്കേജാണ് നൽകുന്നത്. ഇറാൻ പ്രശ്ന പശ്ചാത്തലത്തിൽ അസൈർബൈജാനിലേക്ക് തിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽ ചൂട് കടുത്തതിനാൽ ഒമാനിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറവായിരിക്കും.
അതിനാൽ നീണ്ട അവധിയുണ്ടായിട്ടും പലർക്കും താമസയിടങ്ങളിൽതന്നെ കഴിച്ചുകൂട്ടേണ്ടി വരും. ടിക്കറ്റ് നിരക്കിൽ കുറച്ചെങ്കിലും കുറവുണ്ടായിരുന്നെങ്കിൽ നാട്ടിൽ പോവാമായിരുന്നുവെന്നാണ് പ്രവാസികൾ പലരും പറയുന്നത്. എങ്ങും പോവാനില്ലാത്തതിനാൽ അവധിക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. കടുത്ത ചൂട് കാരണം പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആഘോഷങ്ങൾ താമസയിടങ്ങളിൽ തന്നെ ചുരുക്കേണ്ടി വരും. നേരിട്ടല്ലാതെ മുബൈ വഴിയും മറ്റും പോവുന്നവരും ഉയർന്ന നിരക്കുകൾ തന്നെയാണ് നൽകേണ്ടി വരുന്നത്. ഏതായാലും നീണ്ട പെരുന്നാൾ അവധിക്കാലം പലർക്കും വിരസമായാണ് കടന്നു പോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.