ഉയർന്ന ടിക്കറ്റ് നിരക്ക്; വിനോദ-ചികിത്സ യാത്രികർ കേരളത്തെ കൈയൊഴിയുന്നു
text_fieldsസുഹാർ: കുത്തനെ ഉയർന്ന വിമാനനിരക്ക് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആശുപത്രികളിലേക്ക് ചികിത്സ തേടിയും വിനോദ സഞ്ചാരത്തിനും പോകുന്ന സ്വദേശികൾക്ക് വിനയാവുന്നു. കേരളം, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ചികിത്സ തേടി നിരവധി ഒമാനി പൗരന്മാരാണ് പോകാറുള്ളത്.
ചികിത്സക്ക് പോകുന്നവരുടെ കൂടെ മൂന്നും നാലും പേരടങ്ങിയ സംഘങ്ങളും യാത്രയാകും. ടിക്കറ്റ് നിരക്കിലുണ്ടായ വർധനയാണ് യാത്ര മാറ്റിവെക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ ആയുർവേദ ചികിത്സ കേന്ദ്രമായ കോട്ടക്കലും അലോപ്പതി ആശുപത്രികളുള്ള കോഴിക്കോട്, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ഒമാനി പൗരന്മാർ കൂടുതലായി എത്തുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ ഒമാനിലെ കനത്ത ചൂടും അവധിക്കാലവും കണക്കിലെടുത്തു സ്വദേശികൾ ഇതര രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകും. അതിൽ പലരും തിരഞ്ഞെടുക്കുന്നത് ഇന്ത്യയും പ്രത്യേകിച്ചും കേരളവുമാണ്.
മഴയും തണുപ്പും പച്ചപ്പുംകൊണ്ട് മനോഹാരിയായ പ്രദേശമായാണ് സ്വദേശികൾ കേരളത്തെ കാണുന്നത്. എന്നാൽ, ടിക്കറ്റ് നിരക്ക് ഉയർന്നതോടെ ഇപ്പോൾ മറ്റു രാജ്യങ്ങളെയാണ് ഒമാനികൾ തിരഞ്ഞെടുക്കുന്നതെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു. ഇറാൻ, ഈജിപ്ത്, അസർബൈജാൻ, തുർക്കിയ, ബോസ്നിയ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വിമാന ടിക്കറ്റ് അടക്കം പാക്കേജ് ലഭ്യമാണ്. ഇതും സ്വദേശി പൗരൻമാരെ കേരളത്തെ കൈവിടാൻ കാരണമാകുന്നുണ്ട്.
ചികിത്സ തേടി എത്തുന്നവരെയും വിനോദ യാത്രികരെയും ഇന്ത്യയിലേക്ക് ആകർഷിക്കാൻ റോഡ് ഷോ അടക്കം നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് വിമാന യാത്ര നിരക്കിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തുന്നത്.
അനുദിനം ഉയരുന്ന യാത്രാനിരക്കും കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പകൽസമയ നിയന്ത്രണവും കണ്ണൂർ വിമാനത്താവളത്തിലെ വിദേശ വിമാന വിലക്കുംകൊണ്ട് പ്രവാസികളുടെ യാത്ര ദുരിതമായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.