മസ്കത്തിന് ഇനി ഹോക്കി ആരവം: ഫൈവ്സ് ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി മത്സരങ്ങൾക്ക് മസ്കത്തിൽ ഇന്ന് തുടക്കമാകും. ജനുവരി 24 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ അമീറാത്ത് വിലായത്തിലെ പുതിയ ഒമാൻ ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 24 മുതൽ 27വരെ വനിതകൾക്കും 28 മുതൽ 31വരെ പുരുഷൻമാർക്കുമാണ് മത്സരങ്ങൾ. വനിതകളുടെ വിഭാഗത്തിൽ പൂൾ സിയിലാണ് ഇന്ത്യ. അമേരിക്ക, പോളണ്ട്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. ആതിഥേയരായ ഒമാൻ പൂൾ ഏയിലാണുള്ളത്. മലേഷ്യ, ഫിജി, നെതർലൻഡ് എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങൾ. പൂൾ ബിയിൽ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യുക്രെയ്ൻ, സാംബിയയും ഡിയിൽ ന്യൂസിലൻഡ്, ഉറൂഗ്വായ്, പരാഗ്വേ, തായ്ലൻഡുമാണ് വരുന്നത്. ഉദ്ഘാടന ദിനത്തിൽ ഇന്ത്യക്ക് രണ്ട് മത്സരങ്ങളാണുള്ളത്. പോളണ്ടും അമേരിക്കയുമാണ് എതിരാളികൾ. ഒമാൻ മലേഷ്യയെും ഫിജിയേയും നേരിടും.
പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യ പൂൾ ബിയിൽ ഈജിപ്ത്, സ്വിറ്റ്സർലൻഡ്, ജമൈക്ക എന്നിവരോടൊപ്പമാണ്. ഒമാൻ പൂൾ ഡിയിലാണ്. മലേഷ്യ, ഫിജി,യു.എസ്.എ ടീമുകളാണ് കൂടെയുള്ളത്. പൂൾ ഏയിൽ നെതർലാൻസ്, പാകിസ്താൻ, പോളണ്ട്, നൈജീരിയയും സിയിൽ ആസ്ട്രേലിയ, ന്യൂസിലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കെനിയ ടീമുകളുമാണ് വരുന്നത്. ജനുവരി 28ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അന്നേദിവസം ഈജിപ്തുമായും ഏറ്റുമുട്ടും. ആതിഥേയരായ ഒമാൻ മലേഷ്യ, ഈജിപ്ത് ടീമുകളുമായും അങ്കം കുറിക്കും. ടൂർണമെന്റിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് നിർവഹിച്ചു. മത്ര വിലായത്തിലെ സസ്റൈനബ്ൾ സിറ്റിയുടെ വിൽപന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ഇന്റർനാഷനൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് തയ്യബ് ഇക്രം എന്നിവർ പങ്കെടുത്തു. അടുത്തിടെ നാടിന് സമർപ്പിച്ച പുതിയ ഹോക്കി സ്റ്റേഡിയത്തിന് ഏകദേശം 5,000ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയും. എല്ലാ സീറ്റുകളും നീക്കം ചെയ്ത് മറ്റ് സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.
ഇന്റർനാഷനൽ ഹോക്കി ഫെഡറേഷൻ അംഗീകരിച്ച ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കും ഡിസൈനുകൾക്കും അനുസൃതമായാണു സംയോജിത സമുച്ചയം നിർമിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ സമുച്ചയത്തിൽ അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് രൂപകൽപ്പന ചെയ്ത രണ്ട് കളിസ്ഥലങ്ങളാണുള്ളത്. കൂടാതെ മറ്റ് പരിശീലന സ്ഥലങ്ങൾ, ഓഫിസുകൾ, ഫസ്റ്റ് എയ്ഡ് റൂമുകൾ, റഫറിമാരുടെ മുറികൾ, സുരക്ഷാ സേവനത്തിന്റെ ഓഫിസുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.