പ്രതീക്ഷകൾക്ക് നിറംപകർന്ന് ഹോളി ആഘോഷം
text_fieldsമസ്കത്ത്: ജീവിതത്തിന്റെ പുതുനിറങ്ങളിലേക്ക് പ്രതീക്ഷ പകർന്ന് ഒമാനിലെ ഇന്ത്യക്കാർ ഹോളി ആഘോഷിച്ചു. പ്രവൃത്തിദിനമായ ബുധനാഴ്ചയായിരുന്നു ഹോളി. അതുകൊണ്ടുതന്നെ ആഘോഷങ്ങൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതായിരുന്നു. രാവിലെ മുതൽ, ഇന്ത്യക്കാർ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളിലും മറ്റും ആഘോഷം നടന്നു.
കുട്ടികളായിരുന്നു ആഘോഷത്തിന് ഏറെ മുന്നിലുണ്ടായിരുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള പൊടി വിതറിയും വെള്ളം ചീറ്റിയും ഇവർ ആഘോഷം കെങ്കേമമാക്കി. ആഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ വിഭവങ്ങളും മധുരപലഹാരങ്ങളും പരസ്പരം കൈമാറി. ഗുജിയ അഥവാ കരഞ്ചി, പുരൻ പോലി, ഭാങ് ലഡു എന്നിവയാണ് ഹോളി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന പ്രത്യേക വിഭവങ്ങൾ. ഹോളി മുന്നിൽക്കണ്ട് നഗരങ്ങളിലെ കടകളിൽ പ്രത്യേക മധുര പലഹാരങ്ങൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ നല്ല കച്ചവടമാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.
വസന്തകാല ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർതന്നെ ചുരുക്കമാണെന്നുപറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.