അവധി: ഡോൾഫിനുകളെ കാണാൻ വൻ തിരക്ക്
text_fieldsമസ്കത്ത്: ദേശീയദിന അവധിക്കാലത്ത് ഡോൾഫിനുകളെ കാണാനെത്തുന്നവരുടെ തിരക്ക് വർധിച്ചു. തിരക്ക് വർധിച്ചതോടെ ഡോൾഫിൻ ടൂർ ഓപറേഷൻ കമ്പനികൾ അധിക സർവിസുകൾ തുടങ്ങി. ഓഫർ പ്രഖ്യാപിച്ച ചില കമ്പനികൾ നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്.രണ്ടു മണിക്കൂർ സമയം കടലിൽ സഞ്ചരിച്ച് ഡോൾഫിനുകളെ കാണാനും ചുറ്റുമുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ കടലിൽനിന്ന് വീക്ഷിക്കാനും ടൂർ ഓപറേറ്റർമാർ 15 റിയാലാണ് ഈടാക്കുന്നത്. എന്നാൽ, ചില കമ്പനികൾ ഡിസംബർ അവസാനം വരെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാൾക്ക് അഞ്ചു റിയാലായിരുന്നു നിരക്ക്. തിരക്ക് വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഓഫർ ആനുകൂല്യം ലഭിക്കാനും പ്രയാസമുണ്ടായി. അവധി ദിവസങ്ങളിൽ തിരക്ക് കാരണം ബുക്കിങ് കിട്ടാത്തതിനാൽ ചിലർക്ക് പരിപാടി മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. സാധാരണ രാവിലെ എട്ടു മുതൽ പത്തു വരെയും പത്തു മുതൽ 12 വരെയും രണ്ടു സർവിസുകളാണ് ബോട്ടുകൾ നടത്താറുള്ളത്. തിരക്ക് വർധിച്ചതോടെ അവധിക്കാലത്ത് ഉച്ചക്ക് 12 മണി മുതൽ പുതിയ സർവിസും ആരംഭിച്ചു.
മേഖലയിലെ ഏറ്റവും മനോഹരമായ ഡോൾഫ് വാച്ചിങ് കേന്ദ്രങ്ങളിലൊന്നാണ് ഒമാൻ. മസ്കത്ത്, സിദാബിലെ മറീന ബന്തർ അൽ റൗദയിൽനിന്ന് കടലിൽ 15 കിലോമീറ്ററെങ്കിലും ദൂരെ പോയാലാണ് ഡോൾഫിനുകളെ കാണാൻ കഴിയുക. നീലക്കടലിൽ വരിവരിയായി ചാടിക്കളിക്കുന്ന ഡോൾഫിനുകളെ കാണുന്നത് കൗതുകകരമാണ്. ചിലപ്പോൾ നിങ്ങൾ സഞ്ചരിക്കുന്ന ബോട്ടിന് സമീപത്തുകൂടിയും ഡോൾഫിൻ ചാടിപ്പോവുന്നത് കാണാൻ കഴിയും.
വരിവരിയായി ഉയർന്നു ചാടുന്ന ഡോൾഫിനുകളെ എത്ര കണ്ടാലും മതിയാവില്ല.ഒമാൻ കടലിൽ 20ലധികം തരം ഡോൾഫിനുകളുണ്ട്. ഡോളർ സൗദ്ബർ എന്ന വിഭാഗത്തിൽപെട്ട ഡോൾഫിനുകളെയാണ് ധാരാളമായി കണ്ടുവരുന്നത്. ബോട്ടിൽ നോസ്, സ്പിന്നർ, ലോങ് ബീറ്ററ്റ് ഡോൾഫിൻ തുടങ്ങിയവയും ധാരാളമായി കണ്ടുവരുന്നു. വിവിധ നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള ഡോൾഫിനുകളും കാണപ്പെടുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ സന്ദർശകർക്ക് ഇത്തരം നിരവധി ഇനങ്ങളെ കാണാൻ കഴിയും.
ഒമാൻ സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണമാണ് ഡോൾഫിനുകൾ. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വരുന്നവരാണ് ഡോൾഫിൻ വാച്ചിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. വിനോദസഞ്ചാര കപ്പലിൽ എത്തുന്നവരും ഡോൾഫിൻ വാച്ചിന് പോവാറുണ്ട്. ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്നതിനാൽ ഡോൾഫിൻ വാച്ചിന് പ്രിയം വർധിക്കുകയാണ്. ഓഫറുകൾ വന്നതോടെ നിരവധി മലയാളികളും ഇപ്പോൾ ഡോൾഫിൻ വാച്ചിന് എത്തുന്നുണ്ട്.
നിരവധി രൂപത്തിലും വലുപ്പത്തിലുമുള്ള ബോട്ടുകൾ സർവിസ് നടത്തുന്നുണ്ട്. 14 പേർക്ക് ഇരിക്കാവുന്നതാണ് സാധാരണ സർവിസിന് ഉപയോഗിക്കുന്നത്. പത്തിൽ താഴെ പേർക്ക് ഇരിക്കാൻ കഴിയുന്ന ചെറിയ ബോട്ടുകളും കൂടുതൽ പേർക്ക് ഇരിക്കാവുന്ന ഉരുകളുമുണ്ട്.കുടിവെള്ളം, ജ്യൂസ് എന്നിവ ബോട്ടുകളിൽ ലഭ്യമാക്കുന്നുണ്ട്. ഡോൾഫിൻ വാച്ചിനൊപ്പം കമ്പനികൾ കടൽ ടൂറും നടത്തുന്നുണ്ട്. മസ്കത്ത് മേഖലയിലെ കടലിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. അൽ ഖറാൻ, അൽ ഫഹൽ ദ്വീപ്, അയിമനിയാത്ത് ദ്വീപ്, ഖലിജ് അൽ മഖ്ബറ, അൽ ജിൻസ് എന്നിവ ഇവയിൽ ചിലതാണ്. ഇവിടങ്ങളിൽ ഓരോന്നിലും 11ലധികം ഡൈവിങ് കേന്ദ്രങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.