മഹ്ദയിൽ തേനിന് ഇരട്ടി മധുരം
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഈ വർഷം ഉൽപാദിപ്പിച്ചത് അഞ്ച് ടണ്ണിലധികം തേൻ. ആധുനിക രീതികൾ ഉപയോഗപ്പെടുത്തി സിദ്ർ തേനുകളാണ് ഇവിടെ കർഷകർ പരിപാലിക്കുന്നത്. വിലായത്തിൽ 45 തേനീച്ച വളർത്തൽ കർഷകരും 2,985 തേനീച്ച പെട്ടികളുമാണുള്ളത്. മരം കൊണ്ട് നിർമിച്ച പെട്ടികളിലാണ് തേനീച്ചകളെ വളർത്തുന്നത്.
തേനീച്ച വളർത്തൽ ഒമാനിലെ ഏറ്റവും പഴയ വരുമാന മാർഗങ്ങളിലൊന്നാണെന്ന് ബുറൈമി ഗവർണറേറ്റ് കാർഷിക ജലവിഭവ മന്ത്രാലയം ഡയറക്ടർ മുഹമ്മദ് അൽ കഅ്ബി പറഞ്ഞു.ദേശീയ സാമ്പത്തിക മേഖലക്കും തേൻ ഉൽപാദനം വലിയ സംഭാവന നൽകുന്നുണ്ട്. പ്രാദേശിക മാർക്കറ്റിൽ ആവശ്യമായ തേൻ എത്തിക്കുകയും മിച്ചം വരുന്നവ കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്.
ഈ വർഷം ഗവർണറേറ്റിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇത് കാരണം മരങ്ങളും ചെടികളും വൈകിയാണ് പൂവണിഞ്ഞത്. അതിനാൽ ഈ വർഷം വൈകിയാണ് തേനെടുക്കൽ നടന്നത്. നല്ല മഴയുണ്ടായതിനാൽ അനുകൂലമായ കാലാവസ്ഥകൾ ലഭിക്കുകയും കൂടുതൽ ചെടികളും മരങ്ങളും പൂക്കുകയും ചെയ്തിരുന്നു.
ഇതിനാലാണ് തേൻ ഉൽപാദനം ഈ വർഷം വർധിച്ചത്. രണ്ട് തേനീചകളാണ് മഹ്ദ വിലാത്തിൽ ഉള്ളത്. ഇതിൽ ഏറെ ഗുണനിലാവരമുളളതും മികച്ചതും അബൂ തുവൈഖ് എന്ന തേനാണ്. ഉന്നത ഗുണനിലവാരമുള്ളതും വളരെ കുറച്ചു മാത്രം ഉൽപാദിപ്പിക്കുന്നതാണ്. അതിനാൽ ഇതിന്റെ വിലയും ഉയർന്നതാണ്.
പർവത മുകളിലും മറ്റുമുള്ള ഗുഹകളിലാണ് ഇവയെ കണ്ടുവരുന്നത്. അതിനാൽ കൂടുകളും വളരെ കുറവാണ്. എന്നാൽ രണ്ടാമത്തെ വിഭാഗമായ വളർത്താൻ പറ്റിയ തേനീച്ചകളാണ്. മറ്റ് തേനീച്ചകളെ അപേക്ഷിച്ച് ചെറുതും മഞ്ഞ നിറവുമാണ് ഇതിനുള്ളത്. മരം കൊണ്ടുണ്ടാക്കിയ പെട്ടികളിൽ വളരുകയും തേൻ ഉൽപാദിപ്പിക്കുകയും ചെയ്യും.
ഇവ പൊതുവെ ശാന്തസ്വാഭാവക്കാരായതിനാൽ കർഷകർക്കും തേൻ എടുക്കാനും മറ്റും സൗകര്യമാണ്. ഇവയുടെ ഉൽപാദന ക്ഷമത കൂടുതലായതിനാൽ തേൻ ഉൽപാദനവും വർധിക്കും. പ്രതിരോധ ശേഷി കൂടുതലായതിനാൽ രോഗങ്ങളിൽനിന്നും മറ്റ് പ്രാണികളുടെ ശല്യത്തിൽനിന്നും സുരക്ഷിതരുമാണ്. വിലായത്തിലെ തേനീച്ച കർഷകർക്ക് എല്ലാ സഹായവും പ്രത്യേകിച്ച് സാങ്കേതിക പിന്തുണയും നൽകുമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
തേനീച്ചകളുടെ എണ്ണം വർധിക്കാനും മറ്റുമുള്ള ഉപകരണങ്ങളും മറ്റും കർഷകർക്ക് നൽകുകയും ചെയ്യും. ഒമാനി തേനീച്ചകളുടെ എണ്ണം വർധിക്കുന്ന ശരിയായ രീതികൾ കർഷകരെ പഠിപ്പിക്കാൻ ബോധവത്കരണ പരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.