പ്രതീക്ഷയേകുന്ന തുടക്കം: പക്ഷേ കളി മാറണം
text_fieldsമസ്കത്ത്: തുടർച്ചയായ പരാജയങ്ങൾക്കും വിമർശനങ്ങൾക്കും താൽക്കാലിക വിരാമമിട്ട് ഒമാൻ ഫുട്ബാൾ ടീം പുതിയ പരിശീലകൻ ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ വീണ്ടും വിജയതീരമണഞ്ഞു.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ലോകകപ്പ്-ഏഷ്യകപ്പ് ഇരട്ട യോഗ്യത മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. 20,000ത്തിലധികം കാണികൾക്കു മുന്നിൽ 59ാം മിനിറ്റിൽ ഇസ്സാം അൽ സാബിയും, 89ാം മിനിറ്റിൽ മുഹ്സിൻ സാല അൽ ഗസാനിയുമാണ് റെഡ്വാരിയേഴ്സിനുവേണ്ടി വലകുലുക്കിയത്. ഇതോടെ ഗ്രൂപ് ‘ഡി’യിൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഒമാൻ ഒന്നാംസ്ഥാനത്ത് എത്തി. മാർച്ച് 26ന് കോലാലംപൂരിൽ മലേഷ്യക്ക് എതിരെതന്നെയാണ് ഒമാന്റെ അടുത്ത മത്സരം. ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനം നഷ്ടമായ ബ്രാൻകോ ഇവൻകോവിക്കിന്റെ പിൻഗാമിയായി ചുമതലയേറ്റ ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടീം തുടക്കം മുതൽ ആക്രമിച്ചുകളിക്കുന്ന രീതിയാണ് സ്വീകരിച്ചത്.
മുന്നേറ്റനിരയിൽ ഒന്നും മധ്യനിരയിൽ അഞ്ചും പ്രതിരോധത്തിൽ നാലും കളിക്കാരെയായിരുന്നു കോച്ച് വിന്യസിച്ചിരുന്നത്. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന രീതിയിൽ മലേഷ്യൻ ഗോൾ മുഖത്തേക്ക് തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട ഒമാന് ആദ്യ പകുതിയിൽ ഗോൾ മാത്രം നേടാനായില്ല. തികച്ചും പരുക്കൻ അടവുകളുമായി ഒമാനെ നേരിട്ട മലേഷ്യൻ പ്രതിരോധത്തെ മറികടന്ന് ഒമാൻ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോൾകീപ്പർ അഹമ്മദ് സിഹാൻ ഹസ്മിയുടെ മിന്നുന്ന പ്രകടനം വിലങ്ങുതടിയായി.
ഗോൾ എന്നുറച്ച നിരവധിയവസരങ്ങളാണ് ഇദ്ദേഹം തട്ടിയകറ്റിയത്. കളിയിൽ ആകെ 13 കോർണർ കിക്കുകളാണ് ഒമാന് ലഭിച്ചത്. ചുരുങ്ങിയത് അരഡസൻ ഗോളിന് എങ്കിലും ജയിക്കാമായിരുന്ന മത്സരം രണ്ട് ഗോളിൽ ഒതുങ്ങിയതിൽ കാണികളിൽ പലരും നിരാശ പങ്കുവെച്ചു. പുതിയ കോച്ചിന് കീഴിൽ ഒത്തൊരുമയോടെ കളിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.