ആശുപത്രിവാസം കൂടുന്നു...
text_fieldsമസ്കത്ത്: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5,693 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമ്പത്പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4,143 ആയി. വ്യാഴം -2,389, വെള്ളി -1,547, ശനി -1,757 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കോവിഡ് ബാധിതരുടെ കണക്ക്. രാജ്യത്ത് 3,36,460 ആളുകൾക്കാണ് ആകെ ഇതുവരെ മഹാമാരി പിടിപെട്ടത്.
കഴിഞ്ഞ 72 മണിക്കൂറിനിടെ 4,640 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. 93.2 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,13,465 ആളുകൾക്കാണ് ഇതുവരെ മഹാമാരിമാറിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കോവിഡ് പിടിപെട്ട് രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 299 ആയി ഉയർന്നു. ഇതിൽ 53പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 18, 832 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
അതേസമയം, പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രണ്ടായിരത്തിന് താഴെയാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 25 മുതൽ 2000ന് മുകളിലാണ് പ്രതിദിന രോഗ നിരക്ക് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനാണിപ്പോൾ നേരിയ കുറവ് വന്നിരിക്കുന്നത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും മരണം കൂടുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40-60നും ഇടയിലെന്നോണം ദിനേന രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഉയർച്ച തന്നെയാണുള്ളത്. വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കൂടുതൽ രോഗികൾ എത്തുകയാണെങ്കിൽ സ്ഥിതി വഷളാകാനാണ് സാധ്യത. നിലവിലെ അവസ്ഥയിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല എന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 18 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഈ മാസം 18 മുതൽ കഴിഞ്ഞ ദിവസം വരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്ന്പോയിട്ടില്ല. അടുത്തിടെ നടന്ന മരണങ്ങളിൽ ഏറെയും വാക്സിൻ സ്വീകരിക്കാത്തവരിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണ നിരക്ക്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ 2.5 ശതമാനം ആളുൾ മാത്രമാണ് മരിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു.
വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗം നിരക്കും ഉയർന്നതാണെന്നും റിപ്പോർട്ട് കാണിക്കുന്നു. രോഗം ബാധിച്ചവരിൽ 89 ശതമാനവും വാക്സിനെടുക്കാത്തവരാണ്. ഒരു ഡോസ് സ്വീകരിച്ച ഏഴ് ശതമാനം ആളുകൾക്കും രണ്ട് ഡോസെടുത്ത 2.5 ശതമാനം പേർക്കും മാത്രമാണ് കോവിഡ് ബാധിച്ചത്. ബൂസ്റ്റർ ഡോസുകൾ വ്യപകമാക്കുന്നതിലൂടെ രോഗ-മരണനിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.