ട്വൻറി20 ലോകകപ്പിന് ആതിഥേയത്വം: സൗരവ് ഗാംഗുലി മസ്കത്തിൽ
text_fieldsമസ്കത്ത്: ബി.സി.സി.ഐ പ്രസിഡൻറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഹ്രസ്വസന്ദർശനത്തിന് മസ്കത്തിലെത്തി. ട്വൻറി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഒമാൻ അധികൃതരുമായി ചർച്ചകൾക്കും ഗൗണ്ട് പരിശോധനക്കുമായാണ് ഗാംഗുലി എത്തിയത്.
ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ലോകകപ്പിനുള്ള ഗ്രൂപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. കോവിഡ് വ്യാപനം മൂലമാണ് ഇന്ത്യയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടത്താൻ ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെയായിരിക്കും ടൂർണമെൻറ്. ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം. ആദ്യമായാണ് ഗൾഫിൽ ക്രിക്കറ്റ് ലോകകപ്പ് വിരുന്നെത്തുന്നത്.
നവംബറിൽ ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറാണ് കോവിഡ് വ്യാപനം മൂലം ഗൾഫിലേക്കു മാറ്റിയത്. 16 ടീമുകളാണ് ടൂർണമെൻറിലുള്ളത്. ലോക റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ രണ്ടാം ഘട്ടത്തിലാണ് പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാപ്വ ന്യൂഗിനി എന്നീ ടീമുകൾ തമ്മിൽ നടക്കുന്ന പ്രാഥമീക ഘട്ടത്തിൽ നിന്ന് നാല് ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും.
യു.എ.ഇയിലും ഒമാനിലും നടക്കുന്ന പ്രാഥമിക ഘട്ടത്തിനുശേഷമായിരിക്കും 12 ടീമുകൾ ഉൾപ്പെടുന്ന സൂപ്പർ 12 പോരാട്ടം. സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ബി.സി.സി.ഐ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്, ഒമാൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി ചേർന്ന് ആരാധകർക്ക് അവിസ്മരണീയമായ ക്രിക്കറ്റ് വിരുന്നൊരുങ്ങുന്നത് പ്രവാസികളും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.