ഇനി പറന്നുയർന്ന് കാഴ്ചകൾ കാണാം...
text_fieldsമസ്കത്ത്: കാഴ്ചയുടെ പുതിയ വാതിലുകൾ തുറന്ന് ഹോട്ട് എയർ ബലൂൺ സർവിസിന് വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. ടൂറിസം ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സഈദ് അൽ ഉബൈദാനിയുടെ സാന്നിധ്യത്തിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ സേവനം നടത്താൻ ആവശ്യമായ എല്ലാ വ്യവസ്ഥകളും കമ്പനി പാലിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു. ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായായിരുന്നു പുതിയ നീക്കം. അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭൂമികളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനിൽ ഹോട്ട് ബലൂണുകൾക്ക് വൻ സാധ്യതയാണുള്ളത്.
ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വരുമാന മാർഗമാണ് ഹോട്ട് ബലൂണുകൾ. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. ദുബൈ, തുർക്കിയ, ഈജിപ്ത്, മെക്സികോ തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്. വലിയ ബലൂണിൽ കെട്ടിയ പ്രത്യേക കുട്ടയിലാണ് സഞ്ചാരികൾ ഇരിക്കുന്നത്. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു മാത്രമാണ് യാത്ര അനുവദിക്കുക. രണ്ടു പേർ മുതൽ 24 പേർക്കു വരെ ഇരിക്കാൻ കഴിയുന്ന ബാസ്കറ്റുകളാണ് ബലൂണിൽ ഘടിപ്പിക്കുക. കുടുതൽ പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബലൂണുകൾക്ക് വലുപ്പവും വർധിക്കും. ആദ്യ കാലത്ത് ബലൂണിന്റെ ആകൃതിയിലാണുണ്ടായിരുന്നതെങ്കിൽ ഇന്ന് പല രൂപത്തിലും വർണങ്ങളിലുമുള്ള ഹോട്ട് ബലൂണുകളുണ്ട്. രണ്ടു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബലൂണുകൾക്ക് 600 ഘനമീറ്റർ വിസ്തൃതിയുണ്ടാവും. 24 പേർക്ക് ഇരിക്കാൻ കഴിയുന്നവക്ക് 17,000 ഘനമീറ്ററാണ് വിസ്തൃതി. മൂന്നു മുതൽ അഞ്ചു വരെ പേർക്ക് കയറാൻ കഴിയുന്ന ബലൂണുകൾക്ക് 2800 ഘനമീറ്റർ വിസ്തൃതിയും ഉണ്ടാവും.
താഴ്ഭാഗത്തുള്ള തുറന്ന ഭാഗം വഴി ചൂടുള്ള വായു കയറ്റിയാണ് ബലൂൺ പറത്തുന്നത്. ചൂടുള്ള വായുവിന് അന്തരീക്ഷ വായുവിനെക്കാൾ ഭാരം കുറവായതിനാൽ അതിവേഗം പറന്ന് പൊങ്ങും. ബലൂണുമായി ബന്ധിപ്പിച്ച പ്രത്യേക ബർണർ ഉപയോഗിച്ചാണ് തീ അടിച്ചു കയറ്റുന്നത്. തീ പിടിക്കാത്ത പ്രത്യേക നൈലോൺ വസ്തുകൊണ്ടാണ് ബലൂണുകൾ നിർമിച്ചിരിക്കുന്നത്. വിമാനത്തിന്റെ ആദ്യരൂപമായ ബലൂണുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1967ലാണ് പുതിയ രീതിയിലുള്ള ഹോട്ട് ബലൂണുകൾ നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.