നിങ്ങളെ വിശ്വസിച്ച് ഞങ്ങള്‍ എങ്ങനെ ടിക്കറ്റ് എടുക്കും?
text_fieldsരാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാന യാത്രികരെയാണ് എയര്‍ ഇന്ത്യ എന്ന വെള്ളാന കഴിഞ്ഞ രണ്ടു ദിവസം ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ലോകത്ത് ഒരു രാജ്യത്തും ഇന്നുവരെ ഒരു എയര്‍ലൈന്‍സും ചെയ്യാത്തതും ഒരിക്കലും നീതീകരിക്കാനാവാത്തതുമായ അക്ഷന്തവ്യമായ തെറ്റാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് ചെയ്തത്. ഒരു സര്‍ക്കാര്‍ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ, ടാറ്റ എന്ന ആ മഹാപ്രസ്ഥാനത്തിലേക്ക് മാറിയപ്പോള്‍ ഒരിക്കലും ഈ രീതിയിലുള്ള ചതി ഉണ്ടാകുമെന്ന് ടിക്കറ്റെടുത്ത യാത്രികര്‍ വിചാരിച്ചിരുന്നില്ല.
ഇന്ത്യയിലെ എയര്‍ലൈന്‍സ് കാന്സലേഷന് പോളിസി സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ വളരെ കൃത്യമായി പറയുന്നു. ടിക്കറ്റ് എടുത്ത് എയര്‍പോര്‍ട്ടിലെത്തി പ്രത്യേകിച്ച് ബോര്‍ഡിങ് പാസ് കൂടി കിട്ടിയതിനുശേഷം അല്ലെങ്കില്‍ അതിനു മുമ്പ് ൈഫ്ലറ്റ് കമ്പനിയുടെ കാരണങ്ങള്‍ കൊണ്ട് ട്രിപ് കാന്‍സലായാല്‍ യാത്രക്കാര്‍ക്ക് വളരെ കൃത്യമായ രീതിയില്‍ അടുത്ത ൈഫ്ലറ്റിൽ പോകുന്നതിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തണം. പകരം യാത്ര ഒരുക്കണം എന്നു മാത്രമല്ല അവര്‍ക്ക് കൃത്യമായ രീതിയിലുള്ള നഷ്ടപരിഹാരം നല്‍കുകയും എടുത്ത ടിക്കറ്റ് തിരിച്ചു കൊടുക്കുകയും വേണം. കൂടാതെ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുത്ത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊടുക്കണം എന്നും വിജ്ഞാപനത്തില്‍ പറയുന്നു. പക്ഷേ ഈ മാന്യമായ രീതി എന്തുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് പാലിക്കുന്നില്ല? എന്നാല്‍ മറ്റേതെങ്കിലും അസാധാരണ കാരണങ്ങള്‍ കൊണ്ട് ൈഫ്ലറ്റ് കാന്‍സലായാല്‍ വിമാനക്കമ്പനിക്കു ഉത്തരവാദിത്തം ഇല്ലെന്നും പറയുന്നു.
എന്നാല്‍ അതിനോടൊപ്പം പ്രത്യേക ട്രാവല്‍ ഇന്‍ഷുറന്‍സുള്ള യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സില്‍ പറഞ്ഞിരിക്കുന്ന എല്ലാ രീതിയിലുമുള്ള കവറേജും ലഭ്യമാകും. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമായിരിക്കും. അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ആയി 5000 ഡോളര്‍ വരെ ലഭിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിക്കുന്നത്. യാത്രക്കാരുടെ സമയത്തിനും, മാനസിക സംഘര്‍ഷത്തിനും, ജോലി സംബന്ധമായി ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്കും മറ്റാരാണ് പരിഹാരം കാണുന്നത്?
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അനേകം യാത്രക്കാര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. കുഞ്ഞുങ്ങളും സ്ത്രീകളുമായി അനേകം പേരാണ് എയര്‍പോര്‍ട്ടുകളില്‍ ഉത്തരമില്ലാതെ, ഒരു ഗ്ലാസ് വെള്ളം പോലും ലഭ്യമാകാതെ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നത്.ഒരു രാജ്യത്തും ഇതുപോലുള്ള മിന്നല്‍ പണിമുടക്ക് ഉണ്ടാവുന്നില്ല എന്നുള്ളത് ഈ അവസരത്തില്‍ നമ്മള് ഓര്‍ക്കണം. അങ്ങനെയുണ്ടായാല്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ടാറ്റ ഏറ്റെടുത്തെങ്കിലും യാത്രക്കാരെ ഈ രീതിയിലുള്ള ദുരിതക്കയത്തിലേക്ക് തള്ളിവിടാന്‍ എയര്‍ ഇന്ത്യക്ക് ഇനിയും സാധിക്കും എന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.
പറയൂ നിങ്ങളെ വിശ്വസിച്ച് ഞങ്ങള്‍ എങ്ങനെ ടിക്കറ്റ് എടുക്കും?. ‘എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല’ എന്ന് പറഞ്ഞതുപോലെ സര്‍ക്കാര്‍ സ്ഥാപനം ആയിരുന്നപ്പോള്‍ ഒരുവിധ ഉത്തരവാദിത്തവും ഇല്ലാതെ പെരുമാറിയിരുന്ന അതേ സ്വഭാവം നിങ്ങള്‍ ടാറ്റയുടെ പേരിലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സീസണല്‍ കൊള്ളയായി ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയും ലഗേജ് 500ഗ്രാം കൂടിയാല്‍ പിഴ ഈടാക്കി നിര്‍വൃതി അടയുകയും ചെയ്യുന്ന നിങ്ങള്‍ നീതീകരിക്കാനാത്ത പ്രവൃത്തികള്‍ നിര്‍ബാധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.