‘ഹൃദയപൂർവം തൃശൂർ 2024’ സമാപിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘ഹൃദയപൂർവം തൃശൂർ 2024’ മെഗാ ഇവന്റ് റൂവി അൽഫലജ് ഗ്രാന്റ് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. സാംസ്കാരിക സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷതവഹിച്ചു. ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ പ്രസക്തിയെകുറിച്ചും മാതൃകാപരമായ പ്രവർത്തനങ്ങൾകൊണ്ടു സമൂഹത്തിനു കൈത്താങ്ങായി സംഘടനയെന്നും ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.പി. പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈൻ വഴി സദസ്സിനോടു സംസാരിച്ചു. കൂട്ടായ്മയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തു.
ഒമാനിലെ പ്രമുഖ വ്യവസായിയും തൃശൂർ ജില്ലക്കാരനുമായ എംഫാർ പി. മുഹമ്മദാലി താൻ പിന്നിട്ട വഴികളും അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഭാവി പരിപാടികളായ വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭവന നിർമാണ സഹായ പദ്ധതികൾ പ്രസിഡന്റ് നസീർ തിരുവത്ര പ്രഖ്യാപിച്ചു. സെക്രട്ടറി അഷ്റഫ് വാടാനപള്ളി സംഘടനയുടെകഴിഞ്ഞ കാല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വ്യവസായി ബദറുദ്ദീൻ അന്തിക്കാട്, മുൻ പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ, സംഘടനാ സ്ഥാപകഅംഗം സിദ്ദീഖ് കുഴിങ്ങര എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജയശങ്കർ പാലിശ്ശേരി സ്വാഗതവും ട്രഷറർ വാസുദേവൻ തളിയാറ നന്ദിയും പറഞ്ഞു. കലാഭവൻ നവാസും സംഘവും ചേർന്നുനടത്തിയ സംഗീത, നൃത്ത, ഹാസ്യ പരിപാടിയും, നിയാസ് കണ്ണൂരിന്റെ മാജിക്ക് ഷോയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.