ഒമാനിൽ ഇസ്ലാമിക് ബാങ്കിങ്ങിന് വൻ വളർച്ച
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധി ഉയർത്തിയ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും ഒമാനിലെ ഇസ്ലാമിക് ബാങ്കുകൾ വൻ വളർച്ച നേടിയതായി ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് സ്വതന്ത്രമായ ഇസ്ലാമിക ബാങ്കുകളും മറ്റ് ബാങ്കുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ച് ഇസ്ലാമിക് ബാങ്ക് വിന്‍റോകളുമാണ് ഒമാനിലുള്ളത്.
ഇവ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ചതായി സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു. അപെക്സ് ബാങ്കിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇസ്ലാമിക് ബാങ്കിങ്ങിന്‍റെ മൂലധനം 13.6 ശതമാനം വർധിച്ചു. 2020ൽ 5.2 ശതകോടി റിയാലായിരുന്നു ഒമാനിലെ മൊത്തം ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി. 2021ൽ ഇത് 5.9 ശതകോടി റിയാലായി ഉയർന്നു. ഇത് ഒമാനിലെ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 15.2 ശതമാനമാണ്.
ഇത് വലിയ നേട്ടമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു.കഴിഞ്ഞ വർഷം ഇസ്ലാമിക് ബാങ്കുകളുടെ നിക്ഷേപത്തിലും വലിയ വർധനയുണ്ടായി. 2020ൽ 4.4 ശതകോടി റിയാലായിരുന്നു ഇസ്ലാമിക് ബാങ്കുകൾക്ക് ലഭിച്ച നിക്ഷേപം. 2021ൽ നിക്ഷേപം 4.9 ശതകോടി റിയാലായി ഉയർന്നു. മുൻ വർഷത്തെക്കാൾ 17.4 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വർഷം ഇസ്ലാമിക് ബാങ്കുകളുടെ ലാഭവും വൻ തോതിൽ വർധിച്ചു.
2020ന്‍റെ മൂന്നിരട്ടി ലാഭമാണ് 2021ൽ ലഭിച്ചത്. 2020ൽ 27.4 ദശലക്ഷം റിയാലായിരുന്നു ഇസ്ലാമിക് ബാങ്കുകളുടെ ലാഭം. 2021ൽ ലാഭം 82 ദശലക്ഷം റിയാലായി ഉയർന്നു.ഇസ്ലാമിക് ബാങ്കുകളുടെ ധനസഹായത്തിന്‍റെ വലിയ പങ്കും കോർപറേറ്റുകൾക്കാണ് നൽകിയിരിക്കുന്നത്.
മൊത്തം ധനസഹായത്തിന്‍റെ 55.5 ശതമാനവും ഈ വിഭാഗത്തിലേക്കാണ് കഴിഞ്ഞ വർഷം പോയത്.
40.5 ശതമാനം വീട്ടുപകരണങ്ങൾ, വീട് നിർമാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലക്കും ചില്ലറ വ്യാപാരത്തിനുമാണ് ലഭിച്ചത്. 4.1 ശതമാനം ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും ലഭിച്ചു. ഇസ്ലാമിക് ബാങ്കുകളുടെ ഭവന നിർമാണ പദ്ധതികൾക്കും കഴിഞ്ഞ വർഷം വലിയ സ്വീകാര്യത ലഭിച്ചതായി സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു. മുശാറഖ, ഇജാറ എന്നീ ഭവന നിർമാണ സഹായ പദ്ധതികളാണ് ഇസ്ലാമിക് ബാങ്കുകൾക്ക് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.