ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വൻ വളർച്ച
text_fieldsമസ്കത്ത്: കോവിഡ് മഹാമാരി ദുരന്തം വിതച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒമാനിലെ ഡിജിറ്റൽ ഇടപാടുകളിൽ വൻ വളർച്ചയുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക്. മഹാമാരിക്ക് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് കോവിഡ് സമയത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഓൺലൈൻ ഇടപാടുകൾ 2020ൽ മുൻ വർഷത്തെക്കാൾ 19.2 ശതമാനം വർധനയാണുണ്ടത്. 2021ൽ ഇടപാടുകൾ 40.6 ശതമാനമായും ഉയർന്നു. ഇ-കോമേഴ്സിന് വ്യാപക സ്വീകാര്യത ലഭിക്കാനും കാഷ് ഇടപാടുകൾ ഒഴിവാക്കാനുമുള്ള പ്രധാന കാരണം മൊബൈൽ ഫോണുകളുടെ വ്യാപക ഉപയോഗമാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ കാലത്ത് ഓൺലൈൻ ഇടപാടുകൾ ഏറെ വർധിച്ചതായും സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
ഇ- കോമേഴ്സ് വഴിയുള്ള ഇടപാടുകളിലും വൻ വർധനയാണുണ്ടായത്. 2020ൽ ഇ-കോമേഴ്സ് ഇടപാടുകൾ 47.9 ശതമാനവും 2021ൽ 78.7 ശതമാനവും വർധിച്ചു. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നത് കാഷ് ഇടപാടുകൾ കുറക്കാനും കാരണമായിട്ടുണ്ട്. അതോടൊപ്പം ഓൺലൈൻ സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകളിലും മൂന്ന് ശതാമനം വർധനവുണ്ടായി. എല്ലാ മേഖലകളിലും കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ആധിപത്യം വർധിച്ചതായും റിപ്പോർട്ടിലുണ്ട്. ഭക്ഷ്യോൽപന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, സ്വർണ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ-പേമെൻറ് സംവിധാനം ആരംഭിക്കാനും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇ-പേമെൻറ് സംവിധാനത്തിന് സ്വീകാര്യത വർധിച്ചതോടെ ചെക്കുകളുടെ ഉപയോഗത്തിൽ വൻ ഇടിവാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായത്. 2019ൽ 4.7 ദശലക്ഷം ചെക്ക് ഇടപാടുകളാണ് ഉണ്ടായിരുന്നത്. 2020ൽ ചെക്ക് ഇടപാടുകൾ നാല് ദശലക്ഷമായി കുറഞ്ഞു. 2021ൽ ചെക്ക് ഇടപാടുകൾ മുൻവർഷത്തെക്കാൾ വീണ്ടും കുറഞ്ഞ് 3.8 ദശലക്ഷത്തിലെത്തി. 2021 ൽ വണ്ടിച്ചെക്കുകൾ 10.6 ശതമാനമായി കുറഞ്ഞു. 2020ൽ 4,85,000 റിയാലിന്റെ ചെക്കുകളാണ് പണമില്ലാതെ തിരിച്ചു വന്നത്. 2021ൽ ഇത്തരം ചെക്കുകളുടെ 3,99,000 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.