വിസ മാറൽ: മുവാസലാത്തിൽ വൻ തിരക്ക്
text_fieldsമസ്കത്ത്: ഒമാനിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ജോലി വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെ മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് സർവിസ് നടത്തുന്ന മുവാസലാത്ത് ബസിൽ തിരക്കേറി. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സീറ്റ് ലഭിക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. വിസ മാറാൻ രാജ്യം വിടുന്നവരുടെ എണ്ണം വർധിച്ചതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം. നിലവിൽ യു.എ.ഇയിൽ ഒരു സ്വകാര്യ ബസ് കമ്പനി കൂടി സർവിസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാർക്ക് വിസ മാറാൻ കഴിയാത്തതാണ് മുവാസലാത്തിൽ തിരക്ക് വർധിക്കാൻ കാരണം. മുവാസലാത്ത് യു.എ.ഇയിലേക്ക് ഒരു സർവിസ് മാത്രമാണ് നടത്തുന്നതും തിരക്ക് വർധിക്കാൻ കാരണമാവുന്നു. ഇതോടെ നിരവധി പേർ വിമാനം വഴിയാണ് വിസ മാറാൻ പോവുന്നത്.
മുവാസലാത്ത് മസ്കത്തിൽ യു.എ.ഇയിലേക്ക് രാവിലെ 6.30നും അബൂദബിയിൽനിന്ന് തിരിച്ച് രാവിലെ 10.30നുമാണ് സർവിസുകൾ നടത്തുന്നത്. മസ്കത്തിൽനിന്നുള്ള ബസ് അൽ ഐൻ വഴി അബൂദബിലേക്കാണ് സർവിസ്. അബൂദബിയിലേക്ക് 11.500 റിയാലും അൽ ഐനിലേക്ക് 8.500മാണ് മുവാസലാത്ത് നിരക്ക് ഈടാക്കുന്നത്. ബുറൈമിയിൽനിന്ന് അൽ ഐനിലേക്ക് 3.500ഉം അബൂദബിയിലേക്ക് 6.500മാണ് നിരക്ക്. അസൈബയിലെ മുവാസലാത്ത് ബസ് സ്റ്റേഷനിൽനിന്നാണ് സർവിസ് ആരംഭിക്കുന്നത്. ഒരു സ്വകാര്യ ബസ് കമ്പനി റൂവിയിൽനിന്ന് ദിനേന മൂന്ന് സർവിസ് നടത്തുന്നുണ്ട്. യു.എ.ഇയിലോ ഒമാനിലോ റസിഡൻറ് വിസ ഉള്ളവർക്ക് ഈ ബസിൽ യാത്ര ചെയ്യാവുന്നതാണ്.
എന്നാൽ, മുവാസലാത്തിൽ ടിക്കറ്റുകൾ ലഭിക്കാൻ കാലതാമസം വരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു. ടിക്കറ്റ് കിട്ടാൻ വൈകുന്നത് വിസ കാലാവധി കഴിയുന്നതുമൂലമുള്ള പിഴക്കും മറ്റും കാരണമാകുന്നതിനാൽ വിമാനയാത്രയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത് കൂടുതൽ ചെലവേറിയതാണെന്ന് യാത്രക്കാർ പറയുന്നു.
ബസ് സർവിസുകളുടെ കുറവ് യു.എ.ഇയിലേക്ക് ബസ് മാർഗം പോവുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന എൻ മുഹമ്മദ് റൂവി പറഞ്ഞു. വ്യാഴാഴ്ച യു.എ.ഇയിലേക്ക് മുവാസലാത്ത് ബസ് ബുക്ക് ചെയ്തവർക്ക് ഇൗ മാസം 30നാണ് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ദിനേന രാവിലെയും ഉച്ചക്കും വൈകീട്ടുയി മൂന്ന് സർവിസുകൾ ആരംഭിച്ചിരുന്നെങ്കിൽ യാത്രക്കാർക്ക് സൗകര്യകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
വിസ മാറാൻ പോവുന്ന കുറഞ്ഞ വരുമാനക്കാർ ബസ് സർവിസിനെയാണ് ആശ്രയിക്കുന്നത്. വിമാനം വഴി പോവുന്നതിന് ഇത്തരക്കാർക്ക് നിരവധി പ്രശ്നങ്ങളുണ്ട്. അതിനാൽ മുവാസലാത്ത് കൂടുതൽ സർവിസ് നടത്തുകയാണെങ്കിൽ എല്ലാവർക്കും സൗകര്യകരമാവും. ഭാവിയിൽ വിസ മാറാൻ പോവുന്നവരുടെ എണ്ണം വർധിക്കാനാണ് സാധ്യത. അത്തരം സാഹചര്യത്തിൽ ടിക്കറ്റ് ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.