ഒമാനിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നു
text_fieldsമസ്കത്ത്: ഏപ്രിലിൽ ചൂട് വർധിച്ചില്ലെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഠിനമായ ചൂടിലേക്ക് രാജ്യം നീങ്ങിയില്ലെങ്കിലും അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) കൂടുന്നത് ചൂട് വർധിക്കുന്ന പ്രതീതിയുണ്ടാക്കുന്നതായി കാലാവസ്ഥ നിരീക്ഷകർ പറയുന്നു. മസ്കത്തിൽ അതിരാവിലെയും രാത്രിയും അന്തരീക്ഷ ഈർപ്പം 90 ശതമാനമാണ്. മസ്കത്തിൽ കൂടിയ ചൂട് 32 ഡിഗ്രി സെൽഷ്യസും രാത്രികളിൽ 21 ഡിഗ്രി സെൽഷ്യസുമാണ്. ഒമാന്റെ ചില ഭാഗങ്ങളിൽ ചെറിയ കാർമേഘങ്ങളും മൂടൽ മഞ്ഞും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ശർഖിയ്യ, അൽ വുസ്ത എന്നിവിടങ്ങളിലും ഒമാൻ തീരങ്ങളിലും രാത്രിയും അതിരാവിലെയുമാണ് ഈ വ്യതിയാനം ഉണ്ടാവുന്നത്. മസ്കത്തിൽ ഇത് മൂടൽ മഞ്ഞായി പ്രത്യക്ഷപ്പെടാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മസ്കത്തിൽ ജലാംശ നിരക്ക് 15-90 ശതമാനം വരെ അനുഭവപ്പെടും. സലാലയിൽ 25- 80 ശതമാനം വരെയാണ് ജലാംശ നിരക്ക്. ഫഹൂദിൽ കൂടിയ താപനില 40 ഡിഗ്രിയും കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസുമാണ്.
ഹൈമയിൽ കൂടിയ ചൂട് 40 ഡിഗ്രിയും കുറഞ്ഞ ചൂട് 22 ഡിഗ്രിയുമാണ്. ഒമാനിലെ ഏറ്റവും തണുപ്പേറിയ സ്ഥലം സൈഖ് ആണ്.
ഇവിടെ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 14 ഡിഗ്രിയുമാണ്. അൽ ഹജർ പർവത നിരകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും ലഭിക്കുന്നുണ്ട്. രാത്രി വൈകിയും അതി രാവിലെയും ഈ മേഖലകളിൽ മേഘങ്ങളും മൂടൽ മഞ്ഞും അനുഭവപ്പെടും. കടൽ തീരങ്ങളിൽ നേരിയതും ഇടത്തരവുമായ കാറ്റും അനുഭവപ്പെടും. അറബിക്കടലിന്റെ എല്ലാ തീരങ്ങളിലും ഇടത്തരം തിരമാലകളുണ്ടാവും. ചില ഭാഗങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരത്തിലും മറ്റ് ഭാഗങ്ങളിൽ 1.25 മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉണ്ടാവും. മൂടൽ മഞ്ഞ് കാരണം ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റമദാൻ ആരംഭിച്ചതോടെ കൂടുതൽ പ്രയാസകരമല്ലാത്ത കാലാവസ്ഥ അനുഭവപ്പെടുന്നത് നോമ്പെടുക്കുന്നവർക്ക് ആശ്വാസമാണ്. രാത്രി കാലങ്ങളിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നത് രാത്രി പ്രാർഥന നടത്തുന്നവർക്ക് അനുഗ്രഹമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.