മൃഗങ്ങളെ വേട്ടയാടൽ; നടപടി ശക്തമാക്കി അധികൃതർ
text_fieldsമസ്കത്ത്: മൃഗങ്ങളെ വേട്ടയാടുന്നത് വർധിച്ച സംഭവത്തിൽ നടപടി ശക്തമാക്കി പരിസ്ഥിതി വകുപ്പും റോയൽ ഒമാൻ പൊലീസും. നവംബറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാനിനെ വേട്ടയാടിയ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. നവംബർ 28ന് തെക്കൻ ശർഖിയയിൽ രണ്ടു മാനുകളെ വേട്ടയാടി കൊന്നതിനു രണ്ടുപേരെ അധികൃതർ പിടികൂടി. 30ന് ദോഫാർ ഗവർണറേറ്റിലും സമാന സംഭവമുണ്ടായി. മാനുകളെയും കാട്ടുപക്ഷികളെയും കൊന്നതിന് ഇവിടെ നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഈ നടപടികൾ പ്രകൃതി -വന്യജീവി സംരക്ഷണത്തിനുള്ള നിയമത്തിന്റെ ലംഘനമാണ്. ഇത് അനുവദിക്കില്ലെന്നും ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ 80071999 എന്ന ഹോട്ട്ലൈൻ നമ്പറില റിപ്പോർട്ട് ചെയ്യണമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അതേസമയം, നടപടികൾ എടുത്തിട്ടും സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രകൃതി സ്നേഹികളടക്കമുള്ളവരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലരും സമൂഹമാധ്യമങ്ങളിലടക്കം വിമർശനവുമായി രംഗത്ത് വരികയും ചെയ്തു. സമാന കേസുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ശിക്ഷ നടപടികൾ ഏർപ്പെടുത്തണമെന്നാണ് പലരും പറയുന്നത്.
വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ കുറക്കാൻ പിഴയും തടവും വർധിപ്പിക്കുകയും നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവർത്തകനായ അഹമ്മദ് ഈസ ജബൂബ് പറയുന്നത്. വന്യമൃഗങ്ങൾക്കെതിരെ എന്തെങ്കിലും നിയമ ലംഘനം ഉണ്ടായാൽ ബന്ധപ്പെട്ട അധികാരികളോട് റിപ്പോർട്ട് തേടാൻ ജനങ്ങൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചില പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് പ്രത്യേക സീസണുകളും നിശ്ചിത എണ്ണവും അനുവദിക്കണമെന്ന് ട്വിറ്ററിൽ മുഹമ്മദ് അഹമ്മദ് കുറിച്ചു. ഈ സംവിധാനം പല രാജ്യങ്ങളിലും പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ ശിക്ഷ അഞ്ചു വർഷം തടവോ 50,000 റിയാൽ പിഴയോയായി വർധിപ്പിക്കണമെന്ന് മറ്റൊരു പൗരനായ മുഹന്നദ് അൽ ബലൂഷി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.