സന്ദർശകരുടെ മനംകവർന്ന് ഹൂത്ത ഗുഹ
text_fieldsകഴിഞ്ഞ വർഷം ഇവിടെ എത്തിയത് 43,000ത്തിലധികം ആളുകൾ
മസ്കത്ത്: സന്ദർശകരുടെ മനംകവർന്ന് ഒമാനിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ അൽ ഹൂത്ത ഗുഹ. 43,000ത്തിലധികം പേരാണ് കഴിഞ്ഞ വർഷം ഗുഹ സന്ദര്‍ശിച്ചത്. ഗുഹക്കുള്ളില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് കാര്‍ട്ടുകളും കയര്‍ പാതയും ഒരുക്കിയതോടെയാണ് സന്ദർശകരെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കാൻ തുടങ്ങിയത്. രണ്ട് ദശലക്ഷം വർഷമെങ്കിലും പഴക്കമുള്ള ലോകത്തിലെ തന്നെ പ്രധാന ഗുഹകളിലൊന്നായ അൽ ഹൂത്ത ഗുഹ 2007 ലാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഗുഹ കൂടിയാണിത്. നാലര കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഗുഹയുടെ എല്ല ഭാഗത്തും സന്ദർശകർക്ക് സുരക്ഷാ കാരണങ്ങളാൽ പ്രവേശനം അനുവദിക്കില്ല. ഗുഹക്കുള്ളിൽ 860 മീറ്റർ ദൂരത്തിൽ തടാകംവരെ മാത്രമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. ഈ ഗുഹക്കുള്ളിൽ നാല് തടാകങ്ങളുണ്ട്. ഈ ഗുഹ പല അത്ഭുത ജീവികളുടെയും ആവാസ കേന്ദ്രമണ്. വവ്വാലുകൾ, ഒച്ചുകൾ തുടങ്ങി നിരവധി ഇനങ്ങളായ അപൂർവ്വ ജീവികളെ ഗുഹയിൽ കാണാം. ഇവിടെയുള്ള തടാകത്തിൽ കാണുന്ന കണ്ണില്ലാത്ത മത്സ്യം മറ്റൊരു അത്ഭുതമാണ്. ഗാറ ബാറൈമെ എന്ന മത്സ്യത്തിന് ബൂനാസെ എന്നും പേരുണ്ട്. അറേബ്യയിൽ ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങിൽ മാത്രമാണ് ഇത്തരം മത്സ്യങ്ങളെ കണ്ടുവരുന്നത്.
നിസ്വക്കടുത്ത് അൽ ഹംറയിലാണ് അൽ ഹുത്ത സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ജബൽ ശംസിന്റെ പാർശ്വ ഭാഗത്താണ് അൽ ഹൂത്തയുള്ളത്. കാലത്ത് ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശക സമയം. ദിവസത്തെ അവസാന ഗ്രൂപ് നാല് മണിക്കാണ് പുറപ്പെടുക. മുൻ ബുക്ക് ചെയ്ത് നിശ്ചിത സമയത്തിന് 15 മിനുറ്റ് ലൊക്കേഷനിൽ എത്തിയിരിക്കണം. വിദേശികൾക്ക് മുതിർന്നവർക്ക് ഏഴ് റിയാലും കുട്ടികൾക്ക് 3.5 റിയാലുമാണ് ഫീസ്. ചെറിയ കുട്ടികൾക്ക് ഫീസ് ഇല്ല. ഒരു ദിവസം 750 പേർക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത്. പരിസ്ഥിതി നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് അൽ ഹൂത്ത പ്രവർത്തിക്കുന്നത്. ഗുഹയുടെ പരിസ്ഥിതിക്കോ ഗുഹാജീവികളുടെ ആവാസ വ്യവസ്ഥകൾക്കോ യാഥൊരു പ്രയാസവും സൃഷ്ടിക്കായതെയാണ് സന്ദർശകരെ അനുവദിക്കുന്നത്. ഗുഹക്കുള്ളിൽ കണ്ണഞ്ചിക്കുന്ന വിളക്കുകളോ മറ്റു ആധുനികതയോ ഉണ്ടാവില്ല. പരക്കെ ഇരുൾ നിറഞ്ഞ പ്രതീതിയാണ് അനുഭവപ്പെടുക. ചില ഭാഗങ്ങളിൽ കാണികളുടെ സൗകര്യത്തിനായി മങ്ങിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.