ബൂട്ടു കെട്ടി ഇറങ്ങിയത് ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ
text_fieldsമസ്കത്ത്: മസ്കത്തിലെ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഗൾഫ് മാധ്യമം സോക്കർ കാർണിവലിൽ പന്ത് തട്ടാനിറങ്ങിയത് ഇന്ത്യയിലെ എണ്ണം പറഞ്ഞ കാൽപന്ത് കളികളിൽ ബൂട്ടണിഞ്ഞ താരങ്ങളും. ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ് തുടങ്ങിയ നിരവധി കളികളിൽ ജഴ്സിയണിഞ്ഞ താരങ്ങളാണ് സോക്കർ കാർണിവലിൽ വല കുലുക്കാനും വല കാക്കാനും എത്തിയത്. ഒമാനിൽ ആദ്യമായാണ് ഇത്രയേറെ പ്രശസ്തരായ താരങ്ങൾ കളിക്കളത്തിലിറങ്ങുന്നത്. സോക്കർ കാർണിവലിൽ വിവിധ ടീമുകൾക്കുവേണ്ടി ജഴ്സി അണിഞ്ഞ ഇവരുടെ പ്രകടനങ്ങൾ ഒമാനിലെ ഫുട്ബാൾ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
സന്തോഷ് ട്രോഫിയിൽ രണ്ടുവർഷം കേരളത്തിന്റെ ബൂട്ടണിഞ്ഞ അബ്ദുൽ റഹീം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധി തവണ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒമാനിലെത്തുന്നത്. മലപ്പുറം ജില്ലാ താരമായ കാടാമ്പുഴ സ്വദേശി റഹീം പ്രതിരോധ നിരകളെ പൊട്ടിച്ച് കീറി ഗോൾ മുഖത്തേക്ക് കുതിച്ച് പായുന്ന ഫോർവേർഡാണ്. സന്തോഷ് ട്രോഫിയിൽ നാലിലധികം ഗോളുകൾ നേടിയ ഈ താരം ഒമാനിൽ സൈനോ എഫ്.സിക്കുവേണ്ടിയായിരുന്നു ബൂട്ടണിഞ്ഞത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിവിധ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒമാനിലെത്തുന്നതെന്നും തികച്ചും ആവേശം പകരുന്നതായിരുന്നു സോക്കർ കാർണിവലെന്നും അദ്ദേഹം പറഞ്ഞു. സൈനോക്ക് വേണ്ടി ബൂട്ടണിയാൻ കേരള പ്രീമിയർ താരം ഇജാസ് റഹ്മാനും ഉണ്ടായിരുന്നു. ഇടം കാലുകൊണ്ട് പന്തുകൾ പായിച്ച് ഗോൾ വലിയിൽ വിസ്മയം തീർക്കുന്ന മുന്നേറ്റക്കാരനാണ് ഇജാസ്.
ഇന്ത്യയുടെ ക്ലബ് ഫുട്ബാൾ പോരാട്ടങ്ങളിൽ എക്കാലവും വമ്പന്മാരായി അറിയപ്പെട്ടിരുന്ന കൽക്കത്തയിലെ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ച വിഷ്ണു ടോപ് ടണ്ണിന് വേണ്ടി വല ചലിപ്പിക്കാനിറങ്ങിയിരുന്നു. മികച്ച ഫോർവേർഡായ വിഷ്ണു നിരവധി മത്സരങ്ങളിൽ വിജയ ശിൽപ്പിയായിരുന്നു. ജില്ല എ ഡിവിഷൻ താരം കോട്ടക്കൽ സ്വദേശി അഫ്സൽ ഇതേ ടീമിന് വേണ്ടി വലകാക്കാനുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു താരമായ റോഷലും കാണികൾക്ക് ആവേശം പകരാനെത്തിയിരുന്നു. മികച്ച ഫോർവേഡായ റോഷലും ആദ്യമായാണ് മസ്കത്തിൽ ബൂട്ടണിയുന്നത്. അഞ്ച് വർഷം സന്തോഷ് ട്രോഫിയിൽ കളിക്കുകയും കേരളത്തിന്റെ നായകത്വം വഹിക്കുകയും ചെയ്ത ജിജോ ജോസഫ് ടുട്ടുവും ബൗഷറിലെ പുൽത്തകിടികൾക്ക് തീ പിടിപ്പിക്കാൻ എത്തിയിരുന്നു.
ഐ ലീഗ്, സന്തോഷ് ട്രോഫിയിലടക്കം മാറ്റുരച്ച താരങ്ങൾ മികച്ച കളി പുറത്തെടുത്തതോടെ സോക്കർ കാർണിവൽ ഒമാനിലെ മലയാളികളുടെ കളി ചരിത്രത്തിലെ എക്കാലത്തെയും പുത്തൻ അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.