ഇബ്രാഹീം റഈസി: ഒമാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച നേതാവ്
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി ഒമാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ലോക നേതാക്കളിൽ ഒരാളായിരുന്നു.
വിവിധ മേഖലകളിൽ സഹകരണങ്ങൾ വിപുലപ്പെടുത്തുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഒമാനിലെയും ഇറാനിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വികസന പ്രവർത്തനങ്ങളിൽ ഒന്നിച്ചു പോകണമെന്നായിരുന്നു ഇരുനേതാക്കളുടെയും നയം.
2022 മേയിലാണ് ഇറാൻ പ്രസിഡന്റ് അവസാനമായി സുൽത്താനേറ്റിലെത്തുന്നത്. റോയൽ എയർപോർട്ടിൽ എത്തിയ പ്രസിഡന്റിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് എത്തിയായിരുന്നു സ്വീകരിച്ചത്. അൽആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും നേതാക്കളും ചർച്ച ചെയ്തു. വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും കൂടുതല്‍ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എണ്ണ-പ്രകൃതി വാതകം, ഗതാഗതം, ഉന്നത വിദ്യാഭ്യാസം-ഗവേഷണം, കൃഷി-കന്നുകാലി-മത്സ്യബന്ധനം, സസ്യ സംരക്ഷണം, നയതന്ത്ര പഠനം-പരിശീലനം, റേഡിയോ-ടെലിവിഷന്‍, തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. വ്യാപാരം, നിക്ഷേപം, സേവന മേഖലയുമായി ബന്ധപ്പെട്ടും തൊഴില്‍ മേഖലകളിലും സാങ്കേതിക സഹകരണത്തിനും പരിസ്ഥിതി, കായിക മേഖലകളിലെ സഹകരണത്തിനും കരാറുകളില്‍ ഒപ്പുവെക്കുകയുമുണ്ടായി.
ഇറാൻ പ്രസിഡന്റിന്റെ സന്ദർശനം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും സുൽത്താനും ഇറാനിൽ എത്തുകയുണ്ടായി. ദ്വിദിന സന്ദശനത്തിനായെത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. നിക്ഷേപ അവസരങ്ങളുടെ കൈമാറ്റം, പ്രത്യേക സാമ്പത്തിക മേഖലകളിലും സ്വതന്ത്ര മേഖലകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനയുള്ള വിവിധ മേഖലകളിൽ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചാണ് സുൽത്താൻ മടങ്ങിയത്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേകിച്ച് വ്യാപാരം, ഊർജം, നിക്ഷേപം, സംസ്കാരം എന്നീ മേഖലകളിൽ പരസ്പര പ്രയോജനവും ബന്ധങ്ങളും വർധിപ്പിക്കുന്ന തരത്തിൽ വികസിപ്പിക്കാനുള്ള വഴികളും ഇരുരാജ്യങ്ങളിലെ നേതാക്കൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്റെ ഉയർന്ന തലത്തിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു.
ഭാവിയിൽ ബന്ധം വിപുലപ്പെടുത്താനുള്ള തങ്ങളുടെ താൽപര്യം, സംയുക്ത കമ്മിറ്റികൾക്കും വർക്ക് ടീമുകൾക്കുമുള്ള പിന്തുണ, വിവിധ മേഖലകളിലെ സന്ദർശനങ്ങൾ എന്നിവ സംയുക്ത പ്രസ്താവനയിൽ ഇരുപക്ഷവും പറഞ്ഞു.
സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലയുടെ ഫലപ്രദമായ പങ്ക് ഊന്നിപ്പറയുകയും വ്യാപാര വിനിമയത്തിന്റെ വളർച്ചയിലും സംയുക്ത നിക്ഷേപങ്ങളുടെ വർധവിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും വീക്ഷണങ്ങൾ കൈമാറി. മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അടിത്തറ ഉറപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെയും രാഷ്ട്രീയ കൂടിയാലോചനകളുടെയും തുടർച്ചയെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഉഭയകക്ഷി ബന്ധവും സമാധാനവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തുന്ന ജ്ഞാനപൂർണവും ക്രിയാത്മകവുമായ ഇടപെടലുകളെ പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇറാൻ ഗവൺമെന്റ് പിന്തുടരുന്ന നല്ല അയൽപക്ക നയത്തെ അഭിനന്ദിച്ചാണ് സുൽത്താൻ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.