ഇബ്രി ഈത്തപ്പഴ ഫാം ഉൽപന്നങ്ങൾ ഇനി അമേരിക്കൻ, യൂറോപ്യൻ വിപണികളിലേക്ക്
text_fieldsഇബ്രി: ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ ഓർഗാനിക് ഈത്തപ്പഴ ഫാം ‘ഇക്കോസെർട്ട്’ അന്തർദേശീയ ഓർഗാനിക് അഗ്രികൾച്ചർ സർട്ടിഫിക്കറ്റ് സ്വന്തമാക്കി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
നൂതന കാർഷിക സാങ്കേതികവിദ്യകളിലൂടെ ഈത്തപ്പഴ മേഖല മെച്ചപ്പെടുത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷക്കും സാമ്പത്തിക ലാഭത്തിനും സംഭാവന നൽകുന്ന പ്രമുഖ പദ്ധതിയാണ് ഫാം. നഖീൽ ഒമാൻ ഡെവലപ്മെന്റ് കമ്പനിയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ഫാമിന്റെ ഇക്കോസെർട്ട് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതോടെ അതിന്റെ ഉൽപന്നങ്ങൾ അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ വിൽക്കാൻ സാധിക്കുമെന്ന് നഖീലിലെ അഗ്രികൾച്ചറൽ ഓപറേഷൻസ് സീനിയർ സ്പെഷലിസ്റ്റ് എൻജിനീയർ മസൂദ് ബിൻ സഈദ് അൽ ഹിനായ് പറഞ്ഞു. ഇത് കമ്പനിയുടെ ജൈവരീതികളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
4.8 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഓർഗാനിക് ഫാമിൽ ഫർദ്, ഖലാസ്, ഫഹോൾ, മജ്ദൂൽ ഇനങ്ങൾ ഉൾപ്പെടെ 35,000 ഈന്തപ്പനകളുണ്ട്. ആഗോള വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി 50,000 മരങ്ങളായി കൃഷി വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
അത്യാധുനിക ജലസേചന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി സുസ്ഥിരത നിലനിർത്തിയാണ് ഫാം പ്രവർത്തിക്കുന്നത്. ഈ പ്രതിബദ്ധതയാണ് ഫാമിനെ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളിലേക്ക് എത്തിക്കുന്നത്.
കാർഷിക വികസനം, ഭക്ഷ്യസുരക്ഷ എന്നീ സുപ്രധാന മേഖലയിലെ നിക്ഷേപ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ ആധുനിക ഫാമുകൾ സ്ഥാപിച്ച് ഈത്തപ്പഴ കൃഷി പരിപോഷിപ്പിക്കുന്നതിന് ഒമാൻ പ്രവർത്തിക്കുന്നുണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.