സ്നേഹ കേരളം കാമ്പയിനുമായി ഐ.സി.എഫ്
text_fieldsമസ്കത്ത്: സ്നേഹസമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവത്കരണവുമായി വൈവിധ്യമാർന്ന പരിപാടികളോടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ പൂർവകാല സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നന്മകള് കൂടുതല്‍ പ്രസരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
ജനമനസ്സുകളിലേക്ക് സ്നേഹസൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ദൗത്യമാണ് ഇതിന്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമപ്രവര്‍ത്തനം. ‘മീറ്റ് ദ പീപിള്‍’ എന്ന ഈ സന്ദേശ കൈമാറ്റത്തില്‍ ഐ.സി.എഫ് ഘടകങ്ങളിലെ പ്രവര്‍ത്തകർ മികച്ച മുന്നേറ്റമാണ് നടത്തിയത്. മൂന്ന് പേരടങ്ങിയ 1452 സംഘങ്ങള്‍ 83,287 പേര്‍ക്ക് നേരിട്ട് സന്ദേശം കൈമാറി. കാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികള്‍ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്.
ഏഴ് നാഷനല്‍ തലത്തില്‍ ഹാര്‍മണി കോണ്‍ക്ലേവ്, അഞ്ച് പ്രോവിന്‍സുകളില്‍ ഹാര്‍മണി കൊളോക്യം, 80 സെന്ട്രലുകളില് ‘സ്നേഹത്തണലില്‍, നാട്ടോര്‍മകളില്‍’, 700 സെക്ടര്‍, യൂനിറ്റ്തലത്തില്‍ ചായച്ചര്‍ച്ച, വിഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തില്‍ നടക്കുന്ന പരിപാടികളെന്ന് ഭാരവാഹികൾ പറഞ്ഞു.
പരിപാടികളില്‍ കേരളത്തില്‍നിന്നുള്ള മതമേലധ്യക്ഷന്മാര്, പണ്ഡിതന്മാര്, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകക്ഷി പ്രമുഖര്‍, സാഹിത്യകാരന്മാര്, വ്യാവസായിക പ്രമുഖര്‍, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുക്കും. മാര്‍ച്ച് 17ന് ഇന്റര്നാഷനല്തലത്തില് നടക്കുന്ന സമ്മേളനത്തോടെയായിരിക്കും കാമ്പയിന് പരിസമാപ്തിയാവുക. കാമ്പയിന്റെ ഭാഗമായി ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാര്‍ ഫെബ്രുവരി 17ന് ഉച്ചക്ക് രണ്ടിന് നടക്കും. കേരള കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും.
ഐ.സി.എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, അഡ്മിന് സെക്രട്ടറി ജാഫര്‍ ഓടത്തോട്, വെല്‍ഫെയര്‍ സെക്രട്ടറി റഫീഖ് ധര്‍മടം, ഓര്‍ഗനൈസിങ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.