അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ...
text_fieldsഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പായ്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയത് മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടയിൽ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം ഗൾഫ് മാധ്യമത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ നിങ്ങളുടെ അനുഭവങ്ങൾ അയക്കൂ.
32 വർഷത്തെ പ്രവാസ ജീവിതത്തിനിടെ മനസ്സിൽനിന്നും മായാതെ നിൽക്കുന്ന മുഖമാണ് മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് സ്വദേശിയായ തലാൽ സാലം അൽ ഫസാരി. ബിസിനസ് സംബന്ധമായ ആവശ്യവുമായായിരുന്നു ആർ.ഒ.പി ഫോറൻസിക് ലാബ് സെക്ഷനിൽ ജോലിചെയ്തിരുന്ന അദ്ദേഹവുമായി പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് കുടുംബ ബന്ധങ്ങളിലേക്ക് വരെ എത്തി. ലീവ് കഴിഞ്ഞ് നാട്ടിൽനിന്ന് വരുമ്പോൾ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കേരളത്തിലെ ബനാന ചിപ്സുമായാണ് ഞാൻ എത്താറുള്ളത്. ഒരിക്കൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ എനിക്ക് അറിയുന്ന ഒരാൾ മരിച്ചു. മൃതശരീരം അഞ്ചുദിവസമായി ഇബ്രി ഹോസ്പിറ്റലിലാണ്. സ്പോൺസറുടെ ഭാഗത്ത്നിന്ന് ഇടപെടലും ഉണ്ടാകുന്നില്ല.
ഇതിനിടെ അനിയൻ തന്ന നമ്പറിൽ സ്പോൺസറെ വിളിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അവസാന പിടിവള്ളി എന്ന നിലയിൽ ഞാൻ തലാൽ സാലം അൽ ഫസാരിയുമായി സംസാരിച്ചു. അദ്ദേഹം ഇബ്രി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരു ബന്ധുവിനെ വിളിച്ചു സ്പോൺസറുടെ നമ്പർ കൈമാറി. ഇതുഫലം കണ്ടു, ഞാൻ വിളിച്ചിട്ട് എടുക്കാത്ത സ്പോൺസർ എന്നെ മിനിറ്റുകൾക്കകം തിരികെ വിളിക്കുകയും വേണ്ടത് ചെയ്യാമെന്നറിയിക്കുകയും ചെയ്തു. ഒരു വ്യാഴാഴ്ച ദിവസമായിരുന്നു അത്. അങ്ങനെ അവധി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ച ഇബ്രിയിൽനിന്നും ഏകദേശം 400 കി.മീ ദൂരം ആംബുലൻസിൽ മൃതദേഹവുമായി മരിച്ചയാളുടെ കൂട്ടുകാരനും വേറെ കാറിൽ സ്പോൺസറും മസ്കത്തിലെ ഖുറത്തേക്ക് തിരിച്ചു.
ഖുറത്തിൽ ഞാനും ഏതാനും സുഹൃത്തുക്കളും കാത്തിരിക്കുന്നുണ്ടായിരുന്നു. ഏകദേശം പത്തര മണി ആയപ്പോൾ ആംബുലൻസ് ഖുറം പൊലീസ് ഹോസ്പിറ്റലിെൻറ മുന്നിലെത്തി. മൃതശരീരം ഇവിടെ എടുക്കണമെങ്കിൽ ഇബ്രിയിലെ ഹോസ്പിറ്റൽനിന്ന് റിലീസ് ചെയ്ത പേപ്പറും സർട്ടിഫിക്കറ്റുകളും ആവശ്യമായിരുന്നു. എന്നാൽ, ഇത് കൊണ്ടുവരാതെയായിരുന്നു ആംബുലൻസ് ഡ്രൈവറായ ഒമാനിയും സ്പോൺസറും എത്തിയിരുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷം. 400കി.മീ കൂടുതൽ ഓടിയെത്തിയ ആംബുലൻസ് തണുപ്പ് കുറഞ്ഞ പഴയ വാഹനമായിരുന്നു. അതുകൊണ്ടുതന്നെ ഹോസ്പിറ്റലിെൻറ അകത്തേക്ക് മൃതശരീരം വെക്കേണ്ടതുണ്ട്. പേപ്പറുകൾ ഇല്ലാതെ മൃതശരീരം സ്വീകരിക്കില്ല എന്ന് പൊലീസുകാരും പറഞ്ഞതോടെ ഞാൻ കരഞ്ഞുപോയി.
ഇവിടെയും സഹായവുമായെത്തിയത് തലാൽ സാലം അൽ ഫസാരിയായിരുന്നു. ഇദ്ദേഹത്തിെൻറ ഫോൺ ഞാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും പലരും സ്വീകരിക്കാൻ വിസമ്മതിച്ചു. പേര് പറഞ്ഞതോടെ ഒടുവിൽ ഒരു ഓഫിസർ അറ്റൻഡ് ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം ഇബ്രി ഹോസ്പിറ്റലിൽനിന്ന് പേപ്പറുകൾ ഫാക്സ് മുഖേന ഇവിടെ എത്തുകയും അന്നുച്ചക്ക് തന്നെ ആ മയ്യിത്ത് എയർപോർട്ടിലേക്ക് മാറ്റാനും കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിെൻറ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ.... ഓർക്കാൻ കൂടി കഴിയുന്നില്ല. ഇദ്ദേഹവുമായുള്ള ഊഷ്മള ബന്ധം ഇപ്പോഴും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.