ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി ശുഭയാത്ര
text_fieldsമസ്കത്ത്: ഒമാനിലേക്കു വരുന്നവർക്ക് യാത്ര സുഗമമാക്കാനായി പൊലീസിന്റെ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഗൈഡ് പുറത്തിറക്കി. കസ്റ്റംസ് നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കൾ, രാജ്യത്തേക്കു കൊണ്ടുവരാൻ പറ്റാത്തതും നിയന്ത്രിതവുമായ വസ്തുക്കളുടെയും ചരക്കുകളുടെയും പട്ടിക ഉൾപ്പെടുന്നതാണ് ഗൈഡ്. യാത്ര ചെയ്യുന്നവർക്കു പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാത്തതിനാൽ വിമാനത്താവളങ്ങളിലോ അതിർത്തി ചെക്ക്പോസ്റ്റുകളിലോ തുറമുഖങ്ങളിലോ പ്രയാസം നേരിടാറുണ്ട്.
ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും കനത്ത പിഴയിലേക്കോ മറ്റോ നയിക്കുകയും ചെയ്യും. എന്നാൽ, ഇതിനു പരിഹാരമായിട്ടാണ് ഒമാൻ കസ്റ്റംസ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
കസ്റ്റംസ് നികുതിയിൽനിന്ന് ഒഴിവാക്കിയ ഇനങ്ങൾ
ഫിലിം പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും, വ്യക്തിഗത ഉപയോഗത്തിനായുള്ള വിഡിയോ കാമറകൾ, പോർട്ടബിൾ സംഗീതോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടി.വി, റിസീവറുകൾ, ബേബി സ്ട്രോളറുകൾ, പ്രത്യേക ആവശ്യങ്ങളുള്ളവർക്കുള്ള കസേരകൾ, സ്ട്രോളറുകൾ, കമ്പ്യൂട്ടർ, മൊബൈൽ പ്രിൻററുകൾ, വസ്ത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ, വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള ആഭരണങ്ങൾ, കായിക ഉപകരണങ്ങൾ, വ്യക്തിഗത ഉപയോഗ മരുന്നുകൾ.
കസ്റ്റംസ് നികുതിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ
ലഗേജുകളും സമ്മാനങ്ങളും വ്യക്തിഗത സ്വഭാവമുള്ളതായിരിക്കണം, അതിന്റെ മൂല്യം 300 റിയാലിൽ കവിയാൻ പാടില്ല, ഇത് വാണിജ്യ സ്വഭാവമുള്ളതാവരുത്, അനുവദനീയമായ സിഗരറ്റുകൾ 400 എണ്ണത്തിൽ കവിയരുത്, ലഹരിപാനീയങ്ങൾ നാല് ലിറ്ററിൽ കൂടാൻ പാടില്ല, പോർട്ടബിൾ ഇലക്ട്രോണിക് സിഗരറ്റുകൾ ഒരാൾക്ക് രണ്ടിൽ കൂടരുത്, യാത്രക്കാരന് കുറഞ്ഞത് 18 വയസ്സു മുണ്ടായിരിക്കണം.
നിയന്ത്രിത സാധനങ്ങൾ
ബന്ധപ്പെട്ട അധികൃതരിൽനിന്ന് അംഗീകാരം നേടിയശേഷം താഴെപ്പറയുന്ന ഇനങ്ങൾ കൊണ്ടുവരാവുന്നതാണ്. സസ്യങ്ങൾ, ജീവനുള്ള മൃഗങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, മരുന്നുകൾ, ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, യന്ത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ഉൽപന്നങ്ങൾ, ട്രാൻസ്മിറ്ററുകൾ, വയർലെസ് ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉൽപന്നങ്ങളും, റേഡിയോ എയർക്രാഫ്റ്റ് (ഡ്രോൺ).
കൊണ്ടുവരാൻ പാടില്ലാത്തവ
ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഇറക്കുമതിക്കും കയറ്റുമതിക്കും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ചരക്കുകളാണ് ഇതിൽ വരുന്നത്. സ്ഫോടകവസ്തുക്കൾ, മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളും, എല്ലാത്തരം ആയുധങ്ങൾ, സൈനിക തരത്തിലുള്ള വസ്ത്രങ്ങൾ, ഉപകരണങ്ങൾ, റൈഫിളുകൾ, പിസ്റ്റളുകൾ, ആയുധങ്ങൾക്കു സമാനമായ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, കുന്തങ്ങളോ വാളുകളോ മറക്കുന്ന സാധനങ്ങൾ, ആനക്കൊമ്പ്, ടേസർ (വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ആയുധം), റൈഫിൾസ്കോപ്പ്, രാത്രി ബൈനോക്കുലറുകൾ.
6000 റിയാലുണ്ടെങ്കിൽ കസ്റ്റംസ് ഡിക്ലറേഷൻ നടത്തണം
മസ്കത്ത്: ഒമാനിലേക്ക് വരുമ്പോഴോ പുറത്തേക്ക് പോകുമ്പോഴോ 6000മോ അതിൽ കൂടുതൽ റിയാലോ അല്ലെങ്കിൽ അതിന് സമാനമായ കറൻസികളോ, ഇതേ മൂല്യത്തിൽ വരുന്ന ചെക്കുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്കുകൾ, പേയ്മെന്റ് ഓർഡറുകൾ, വിലയേറിയ ലോഹങ്ങൾ, സ്വർണം, വജ്രങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവയുണ്ടെങ്കിൽ യാത്രികൻ കസ്റ്റംസ് ഓഫിസറെ അറിയിക്കേണ്ടതാണ്.
www.customs.gov.om എന്ന വെബ്സൈറ്റ് വഴി കസ്റ്റംസ് ഡിക്ലറേഷൻ സമർപ്പിക്കാം. ഇങ്ങനെ സമർപ്പിച്ചിട്ടില്ലെങ്കിൽ നിയമ നടപടികൾക്കു വിധേയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.