കരുതലിന്റെ സനേഹവിരുന്നുമായി ഇഫ്താർ സംഗമം
text_fieldsമസ്കത്ത് കെയര്‍ ആന്‍ഡ് സ്പെഷല്‍ എജുക്കേഷനില്‍ നടന്ന ഇഫ്താർ സംഗമത്തിൽനിന്ന്
മസ്കത്ത്: ചേർത്തുവെക്കലിന്റെയും കരുതലിന്റെയും സനേഹവിരുന്നൂട്ടി മസ്കത്ത് കെയര്‍ ആന്‍ഡ് സ്പെഷല്‍ എജുക്കേഷനില്‍ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.സ്ഥാപനത്തിലെ നൂറില്‍ പരം ഭിന്നശേഷി കുട്ടികളും അവരുടെ കുടുംബങ്ങളും സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമാണ് ഇഫുതാറില് പങ്കെടുത്തത്. കുട്ടികള്‍ തയാറാക്കിയ സവിശേഷ ഉപഹാരങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിച്ചു.
സമ്മാനം നിര്‍മിക്കുന്ന ഘട്ടത്തില്‍ അവര്‍ അനുഭവിച്ച പ്രയാസങ്ങളും വിഷമങ്ങളും അലിഞ്ഞില്ലാതാകുന്ന നിമിഷമായിരുന്നു അവ സമ്മാനിക്കുമ്പോഴുണ്ടായിരുന്നത്. കുട്ടികള്‍ സവിശേഷമായ രീതിയില്‍ കലാപരിപാടികളും അവതരിപ്പിച്ചു. പാട്ടും ഡാന്സുമെല്ലാമടങ്ങിയ പരിപാടികളെ സദസ്യര്‍ നിറഞ്ഞ കൈയടികളോടെ പ്രോത്സാഹിപ്പിച്ചു.
എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയാണ് വിശിഷ്ടാതിഥികള്‍ മടങ്ങിയത്. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് എം.ഡി അബ്ദുല്‍ ലത്വീഫ് ഉപ്പള വിശിഷ്ടാതിഥിയായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. പുണ്യ റമദാനിലെ സംതൃപ്തമായ ഇഫ്ത്വാറില്‍ പങ്കെടുത്ത നിര്‍വൃതിയോടെയാണ് അതിഥികള്‍ മടങ്ങിയത്.ഇതെനിക്ക് ഒരു ഏറെ പ്രത്യേകതയുള്ള ഇഫ്താറാണെന്ന് അബ്ദുല്‍ ലത്വീഫ് ഉപ്പള പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും ഗിഫ്റ്റ് കൊടുക്കാറുണ്ട്. എന്നാല്‍ എനിക്ക് കഴിഞ്ഞ വര്‍ഷം ഇവിടെ ഒരുക്കിയ ഇഫ്താറില്‍ കുട്ടികള്‍ ഒരു സമ്മാനം തിരിച്ചു തന്നു, അമൂല്യമായാണ് ഞാനതിനെ കാണുന്നത്. വലിയ സന്തോഷമുണ്ട് ഇത് സംഘടിപ്പിക്കുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍. ഇതൊരു ഇഫ്താര്‍ മാത്രമല്ല ഒരു സ്നേഹ സംഗമം കൂടിയാണെന്നും അബ്ദുല്‍ ലത്വീഫ് ഉപ്പള പറഞ്ഞു.
സ്പെഷല്‍ കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപെടുന്നതിന് അവസരമൊരുക്കുന്നതിനാണ് ഇത്തരം സംഗമങ്ങളെന്ന് സി. എസ്. ഇ ഇന്‍ചാര്‍ജ് ഡിമ്പിള്‍ മാത്യു പറഞ്ഞു. ഇത് മാതൃകയാക്കാവുന്ന പരിപാടിയാണ്. കുട്ടികള്‍ കൈ കൊണ്ട് തയാറാക്കിയ സമ്മാനം അബ്ദുല്‍ ലത്വീഫ് ഉപ്പള ക്ക് സമ്മാനിച്ചു. എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനവും അദ്ദേഹം സമ്മാനിച്ചതിലും വലിയ സന്തോഷമുണ്ടെന്നും ഡിമ്പിള്‍ മാത്യു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.