യാത്രക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമായി ഇഫ്താർ കിറ്റുകൾ
text_fieldsതൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
മസ്കത്ത്: പുണ്യമാസം അവസാനത്തിലേക്ക് നീങ്ങവേ രാജ്യമെമ്പാടും നടക്കുന്ന നിരവധി കൂട്ട ഇഫ്താറുകളും ഭക്ഷണ വിതരണവും യാത്രക്കാർക്കും, നിർമാണ തൊഴിലാളികൾക്കും അനുഗ്രഹമായി മാറുന്നു. റൂവിയിൽ ദിവസവും നൂറുകണക്കിന് തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന മലബാർ ഗോൾഡ് സംരംഭത്തിനു പുറമെയാണ് ചെറുകിട കച്ചവടക്കാർ, ജ്വല്ലറികൾ, മണി എക്സ്ചേഞ്ചുകൾ എന്നിവർ സംഘടിപ്പിക്കുന്ന ഇഫ്താർ കിറ്റ് വിതരണങ്ങൾ.
വ്യക്തികളോ കോർപ്പറേറ്റുകളോ സംഘടിപ്പിക്കുന്ന ഇഫ്താർ ഒത്തുചേരലുകൾ തൊഴിലാളികൾക്കും ചെറിയ ജോലികൾ ചെയ്യുന്നവർക്കും ഇഫ്താറിന് കൃത്യസമയത്ത് താമസസ്ഥലത്ത് എത്താൻ കഴിയാത്തവർക്കും പ്രയോജനമാകുകയാണ്.
വിതരണക്കാർ ഈത്തപ്പഴം, വെള്ളം, ലബാൻ, പഴം, ലഘുഭക്ഷണം, പഴവർഗങ്ങൾ എന്നിവ അടങ്ങിയ ഇഫ്താർ പാക്കറ്റുകളുടെ കെട്ടുകൾ അവരുടെ കാറുകളിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് വളരെ മുമ്പുതന്നെ നോമ്പുകാർ വിതരണ കേന്ദ്രങ്ങൾക്ക് സമീപം ഒത്തുകൂടുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തുവരുന്നുണ്ടെന്നും കൃത്യസമയത്ത് നോമ്പുതുറക്കാൻ കഴിയാത്ത ചില ആളുകൾക്ക് ഈ കിറ്റുകൾ വലിയ ആശ്വാസമാകുമെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
നോമ്പുതുറക്കാൻ കൃത്യസമയത്ത് സ്ഥലങ്ങളിലെത്താൻ ബുദ്ധിമുട്ടുന്ന തൊഴിലാളികൾ, രണ്ടു വർഷത്തിലൊരിക്കലോ അതിലധികമോ തവണ വീട്ടിലുള്ള പ്രിയപ്പെട്ടവരുമായും അടുത്ത ആളുകളുമായുള്ള ഇഫ്താറിന്റെ ഭംഗി ഓർമകളിൽ സൂക്ഷിക്കുന്നവർ, ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ നാലു കോൺക്രീറ്റ് ചുമരുകൾക്കുള്ളിൽ ഇഫ്താറുകൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നവർ എന്നിങ്ങനെയുള്ള ആളുകൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരം ഇഫ്താർ കിറ്റുകൾ.
എല്ലാ ദിവസവും നോമ്പുകാർക്ക് സൗജന്യ ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മാത്രമല്ല, സമൂഹത്തിലെ നാനാതുറകളിലുള്ളവർക്കും ഞങ്ങളുടെ പിന്തുണ അറിയിക്കുകയാണ് ഇത്തരം പ്രവൃത്തിയിലൂടെയെന്ന് മറ്റൊരു കോർപറേറ്റ് പ്രതിനിധി പറഞ്ഞു.
‘ഞങ്ങൾ വാദി കബീറിലെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്, വാദി അദായിയിലെ ഞങ്ങളുടെ ക്യാമ്പിലേക്ക് നോമ്പുതുറക്കാൻ ഞങ്ങൾക്ക് എത്താൻ പറ്റാറില്ല. അതുകൊണ്ടു തന്നെ ഇത്തരം ഇഫ്താർ വിതരണം ശരിക്കും ഒരു അനുഗ്രഹമാണ്’- ഒരു തൊഴിലാളി പറഞ്ഞു.
ഇത്തരം കോർപറേറ്റ് ഇഫ്താറുകൾക്ക് പിറകിൽ മലയാളി സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയമാണ്. എല്ലാ ദിവസവും ഉച്ചയോടെ തുടങ്ങുന്ന ഇഫ്താർ ഒരുക്കങ്ങളിൽ ഇന്ദു ബാബുരാജ്, അനിത രാജൻ, ലക്ഷ്മി കോതനേത്ത്, അനിരുധ് ആദർശ്, ബാബുരാജ് നമ്പൂതിരി, രാജൻ വി കൊക്കൂരി തുടങ്ങിയവരാണ് സജീവമായി പങ്കെടുക്കുന്നത്.
നൂറ്റി അമ്പതോളം ഇഫ്താർ പാക്കുകൾ സജ്ജീകരിച്ചശേഷം അവ, ലേബർ കേമ്പുകളിലും ടാക്സി സ്റ്റാന്റുകളിലും ബസ് സ്റ്റാന്റുകളിലുമെത്തിക്കുന്നത് വരെ ഇവർ അക്ഷീണം പ്രവർത്തിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.