ലോകം സംഗമിക്കുന്ന സമൂഹ നോമ്പുതുറകൾ...
text_fieldsറമദാൻ അവസാന ദിനരാത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇന്നലകളിലെ നോമ്പ് ഓർമകൾ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. പ്രവാസലോകത്തെ നോമ്പിന്‍റെ ഭാവം തികച്ചും വേറിട്ട ഒന്നാണ്. ആത്മീയതയിൽ മുങ്ങിനിൽക്കുന്ന അന്തരീക്ഷമാണ് എവിടെയും. മാസപ്പിറവി കണ്ട് റമദാനായി എന്ന് ഉറപ്പായാൽ കിട്ടുന്ന ഒരു സന്തോഷം, അത് വാക്കുകൾക്ക് അതീതമാണ്. നോമ്പിന് ദിവസങ്ങൾക്കുമുമ്പുതന്നെ എല്ലായിടത്തെയും പോലെ പള്ളികളും വീടുകളും മുന്നൊരുക്കങ്ങൾ ആരംഭിക്കും. ഒറ്റക്കും കൂട്ടമായി സംഘടിപ്പിക്കുന്ന നോമ്പുതുറകളുടെ അനുഭവം വേറെത്തന്നെയാണ്.
പല നാടുകളിലെയും ദേശങ്ങളിലെയും രുചികളിൽ പരത്തുന്ന നിരവധി വിഭവങ്ങൾ, ലോകത്തിലെ വിവിധ കോണുകളിലുള്ള ആളുകളുമായുള്ള സൗഹൃദം തുടങ്ങിയവയെല്ലാം സമ്മേളിക്കുന്ന കൂട്ടായ്‌മയാണ് സമൂഹ നോമ്പുതുറ. ആ സമയത്തു കിട്ടുന്ന നിർവൃതി അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. വിവിധ ദേശക്കാർ ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ച് നോമ്പുതുറക്കുന്നത് പ്രവാസലോകത്തു മാത്രം കിട്ടുന്ന സന്തോഷങ്ങളാണ്. ഇത്തരം നോമ്പുതുറ താൽക്കാലികമായി ഇല്ലെങ്കിലും ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കുവാനുള്ള ഓർമകൾ കഴിഞ്ഞകാലങ്ങൾ മനസ്സിൽ കൊത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അടച്ചിട്ട പള്ളിയുടെ മുന്നിൽ കണ്ണീരോടുകൂടി നിന്നുവെങ്കിൽ ഇന്ന് എല്ലാ പരീക്ഷണങ്ങളെയും ഏറക്കുറെ അതിജീവിച്ചു നാമെല്ലാം ഒരുമിച്ചിരുന്നു ആരാധനകളിൽ മുഴുകിയിരിക്കുന്നു. ആ മധുരിക്കുന്ന പഴയ റമദാൻ ദിനങ്ങളെ തിരിച്ചുതന്നതിന് സർവശക്തനോട് നന്ദി പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.