അനധികൃത പ്രവാസി തൊഴിലാളികൾ; ഒമാനിൽ പരിശോധന പ്രവർത്തനം മെച്ചപ്പെടുത്താൻ തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: ബിനാമി ഇടപാടുകളും അനധികൃത പ്രവാസി തൊഴിലാളികളെയും കണ്ടെത്തുന്നതിനെന് നടപടി ശക്തമാക്കാനൊരുങ്ങി തൊഴിൽ മന്ത്രാലയം. പരിശോധന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിശോധന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും (എം.ഒ.എൽ) സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനും ഒപ്പുവെച്ചു.
മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹർത്തിയുമാണ് ഒപ്പുവെച്ചത്.
സുരക്ഷാ സേവനങ്ങൾക്കൊപ്പം ഇവക്ക് അനുബന്ധമായി പരിശോധനാ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളുമായി കരാർ യോജിക്കുന്നുണ്ട്. നിയമങ്ങളും നിർദേശങ്ങളും അനുസരിക്കാത്ത സ്ഥാപനങ്ങളും രേഖകളില്ലാത്ത തൊഴിലാളികളും സംബന്ധിച്ച പരിശോധന കാമ്പയിനുകൾ തീവ്രമാക്കാനും പരിശോധനാ പ്രവർത്തനങ്ങൾക്ക് മുമ്പുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും ഇത് സഹായകമാകും.
സ്വകാര്യ മേഖലയിലെ കോഓഡിനേറ്റഡ് ഫീൽഡ് സന്ദർശനങ്ങളിലൂടെ പങ്കാളികൾക്കിടയിൽ മെച്ചപ്പെട്ട ബന്ധം വളർത്തിയെടുക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ പ്രതിനിധി അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും മന്ത്രിതല തീരുമാനങ്ങൾ നടപ്പിലാക്കുകയും നിയമങ്ങളുടെ ലംഘനങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ഈ കരാർ ഒമാനി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി. പരിശോധന ജോലികൾക്ക് ഉയർന്ന തലത്തിലുള്ള കാര്യക്ഷമത ആവശ്യമാണെന്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായുള്ള കരാർ ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്ൻ പറഞ്ഞു.
കരാർ തൊഴിൽ വിപണിയുടെ വികസനത്തിനും സ്ഥിരതക്കും സംഭാവന നൽകുകയും സുരക്ഷ മേഖലകളിൽ തൊഴിൽ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് അൽ ഹർത്തി പറഞ്ഞു. തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മസ്കത്തിൽനിന്ന് 5,724 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. 3,887 പേരെ പിന്നീട് നാടുകടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.