അനധികൃത മത്സ്യബന്ധനം: ആഗസ്റ്റിൽ രജിസ്റ്റർ ചെയ്തത് 404 കേസുകൾ
text_fieldsമസ്‌കത്ത്: അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി ശക്തമാക്കി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്തതിന് ആഗസ്റ്റിൽ 404 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 12 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ആകെ കേസുകളിൽ 311 എണ്ണം ലൈസൻസിങ് ചട്ടങ്ങൾ പാലിക്കാത്തതിനാണ് എടുത്തിട്ടുള്ളത്. 17 എണ്ണം നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശം വെച്ചതിനുമാണുള്ളത്.
നിരോധിത മേഖലകളിലും സമയത്തും മത്സ്യബന്ധനം നടത്തിയതിന് നാലു കേസുകളും രജിസ്റ്റർ ചെയ്തു. ലൈസൻസ് ഇല്ലാതെ ജോലിയിൽ ഏർപ്പെട്ടതിന് ഏഴ് വിദേശ തൊഴിലാളികൾക്കെതിരെയും നടപടിയെടുത്തു. ബോട്ടുകളിലും കപ്പലുകളിലും നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാത്തതിന്റെ പേരിൽ 22 കേസുകളും എടുത്തിട്ടുണ്ട്. 32 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി.മൂന്ന് ബോട്ടുകൾ, മൂന്ന് എൻജിനുകൾ, 64 വലകൾ, 14 മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ 96 ഇനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
മൊത്തം 14,275 കിലോഗ്രാം മത്സ്യം കണ്ടുകെട്ടുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കോസ്റ്റ് ഗാർഡ് പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് നിരീക്ഷണ കാമ്പയിനുകൾ പതിവായി സംഘടിപ്പിക്കുന്നതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകളും വലകളും പിടിച്ചെടുത്തു
മസ്കത്ത: ദോഫാർ ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം ഷാലിം പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് പരിശോധന കാമ്പയിൻ നടത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസ മത്സ്യബന്ധന ബോട്ടുകൾ, വലകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.