പ്രവാസികൾക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന മലയാളികൾ അടക്കമുള്ള സാധാരണ പ്രവാസികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. നിലവിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ പോലും പകർച്ചവ്യാധികൾക്ക് പല കമ്പനികളും കവറേജ് നൽകാത്തത് ചികിത്സ ലഭിക്കുന്നതിന് തടസ്സമാവുന്നു.
ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളില്ലാത്ത മലയാളികൾ അടക്കമുള്ള സാധാരണക്കാരായ പ്രവാസികളാണ് കൂടുതലും പ്രതിസന്ധിയിൽപെടുന്നത്. ചെറിയ ശമ്പളത്തിന് കച്ചവട സ്ഥാപനങ്ങളിലും ചെറിയ കമ്പനികളിലും േജാലി ചെയ്യുന്ന ഇത്തരക്കാരുടെ സ്ഥിതി ദയനീയമാണ്.
ചികിത്സക്കായി പണം മുൻകൂറായി അടക്കാതെ അഡ്മിഷൻ നൽകാൻ പറ്റില്ലെന്ന നിലപാടാണ് ഒമാനിലെ സ്വകാര്യ ആശുപത്രി അധികൃതർ കൈക്കൊള്ളുന്നത്. ഇത് കാരണം രോഗം ബാധിച്ച നിരവധി പേർ രോഗം ഗുരുതരമായാൽ എന്ത് ചെയ്യുമെന്ന മാനസിക സംഘർഷത്തിലാണ്.
ഒമാനിൽ വിദേശികൾക്ക് രോഗം വന്നാൽ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്ക് പോവേണ്ടത്. ഗുരുതരാവസ്ഥയിലെത്തുന്ന വിദേശികളായ രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്താലാണ് സർക്കാർ ആശുപത്രികളിൽ പ്രവേശനം നൽകുക. കോവിഡ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ നേരിട്ട് പോവാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും കിടക്കകൾ ഒഴിവില്ലാത്തത് പ്രശ്നമാവുന്നു. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ഏറെ ചെലവേറിയതാണ്.
കോവിഡ് ഗുരുതരമായി ചികിത്സക്കെത്തുന്നവർ ആഴ്ചകൾ തന്നെ ആശുപത്രിയിൽ തങ്ങേണ്ടിവരും. വെൻറിലേറ്ററിലും മറ്റും കഴിയേണ്ടിവരുന്ന ഇത്തരക്കാരുടെ ചികിത്സച്ചെലവ് ആയിരക്കണക്കിന് റിയാലിലെത്താറുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരോട് ആയിരവും രണ്ടായിരവും റിയാൽ മുൻ കൂറായി അടച്ചാൽ മാത്രമേ ചികിത്സ നൽകൂവെന്ന നിലപാടാണ് പല സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ളത്. അത്രയൊന്നും തുക അടക്കാൻ കഴിയാത്തവർക്ക് പ്രമുഖ വ്യക്തികളുടെയോ സാമൂഹിക പ്രവർത്തകരുടെയോ ശിപാർശകളിൽ മാത്രമാണ് ആശുപത്രികളിൽ പ്രവേശനം നൽകുന്നത്. ഇതിന് രണ്ടിനും കഴിയാത്തവർ പെരുവഴിയിലാണ്.
ചികിത്സ കഴിഞ്ഞു പോവുന്ന പലരും ആശുപത്രി ഫീസ് അടക്കുന്നതിൽ ഒഴികഴിവ് പറയുന്നതിനാലും ചിലർ പണം അടക്കാതിരിക്കുന്നതിനാലുമാണ് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുന്നതെന്ന് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടവർ പറയുന്നു. രോഗം സുഖമായശേഷം പണം അടക്കാത്ത നിരവധി കേസുകളുണ്ട്. ഇത്തരം പ്രശ്നങ്ങൾ ആശുപത്രികളുടെ നടത്തിപ്പുപാേലും അവതാളത്തിലാക്കുമെന്നും ഇവർ പറയുന്നു. ചികിത്സക്കിടെ രോഗി മരിക്കുകയാണെങ്കിൽ ആശുപത്രി ചെലവുകൾ ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. ഇത്തരം അവസ്ഥയിൽ മുൻകൂറായി പണം സ്വീകരിക്കുകയോ ആരുടെയെങ്കിലും ഉത്തരവാദിത്തത്തിൽ ആശുപത്രിയിൽ ചികിത്സ നൽകുകയോ മാത്രമാണ് മാർഗമെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
കോവിഡ് ചികിത്സക്കായി പണം മുൻകൂറായി നൽകേണ്ടിവരുന്നതും ചികിത്സയുടെ ഭാരിച്ച ചെലവുകളും വലിയ തലവേദനയാണെന്ന് ഒമാനിലെ സാമൂഹിക പ്രവർത്തകൻ പി.എം. ജാബിർ പറഞ്ഞു. കുറെ ദിവസമായി ഇത്തരം നിരവധി വിഷയങ്ങളിൽ ഇടപെടേണ്ടിവന്നിട്ടുണ്ട്. അസുഖം വന്ന് ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ആശുപത്രികളിൽ പ്രവേശനം ലഭിക്കാൻ ശിപാർശ ചെയ്യേണ്ടിവന്നിട്ടുണ്ട്. ചെറിയ ശമ്പളക്കാരായ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ വലിയ പ്രയാസമാണ്. വിഷയം ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അനുഭാവപൂർവമായ പ്രതികരണമാണ് അദ്ദേഹത്തിൻെറ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.