മാധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയാൽ തടവും പിഴയും
text_fieldsമസ്കത്ത്: ഒമാനിലെ മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ ജോലിക്ക് ഒരു ഭംഗവും വരുത്താത്ത രീതിയിൽ മുന്നോട്ടുകൊണ്ടുപാകാൻ സംരക്ഷണം നൽകുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം (റോയൽ ഡിക്രി 58/2024). റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഏതൊരാൾക്കും ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കുമെന്ന് നിയമത്തിലെ ആർട്ടിക്ൾ 50 പറയുന്നു.
അവർ 50,000 റിയാലിൽ കുറയാത്തതും 100,000 റിയാലിൽ കൂടാത്തതുമായ പിഴയും അടക്കേണ്ടി വരും. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും. ദേശീയ സുരക്ഷയെ ഹനിക്കുകയോ മാതൃരാജ്യത്തിന്റെ പ്രതിരോധം തടസ്സപ്പെടുത്തുകയോ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യം ചെയ്തതെങ്കിൽ പിഴ അതിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളിൽ ഇരട്ടിയാക്കും.
ലൈസൻസ് ലഭിക്കാതെയോ, ലൈസൻസ് ലംഘിച്ചോ, അല്ലെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞതിനുശേഷമോ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കുമെന്ന് ആർട്ടിക്ക്ൾ 51ൽ പറയുന്നു.
കൂടാതെ 10,000ത്തിൽ കുറയാത്തതും 20,000 ത്തിൽ കൂടാത്തതുമായ പിഴയും ചുമത്തും. അലെങ്കിൽ ഈ രണ്ട് ശിക്ഷകളിലൊന്ന്. തെറ്റ് ആവർത്തിച്ചാൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പിഴ ഇരട്ടിയാക്കും. കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ ഉയോഗിച്ച ഉപകരണങ്ങൾ അടച്ചുപൂട്ടാനും കണ്ടുകെട്ടാനും കോടതി ഉത്തരവിടും.
അടിസ്ഥാന രഹിതമായ വാർത്ത പ്രസിദ്ധീകരിക്കുകയാണെങ്കിൽ മൂന്ന് മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും 5,000 റിയാലിൽ കുറയാത്തതും 15,000ത്തിൽ കൂടാത്തതുമായ പിഴയും ചുമത്തുമെന്ന് ആർട്ടിക്ക്ൾ 52 മുന്നോട്ടുവെക്കുന്നു. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിലൊന്ന്.
ഏതെങ്കിലും വിവരങ്ങൾ ഇൻഫർമേഷൻ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുക, അന്തിമ ജുഡീഷ്യൽ വിധിയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത വാർത്ത, പൊതു ധാർമ്മികതയുമായി പൊരുത്തപ്പെടാത്തത്, അല്ലെങ്കിൽ അന്വേഷണങ്ങളെയോ വിചാരണകളെയോ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നിങ്ങനെയുളളവയാണ് നിയമ നടപടിക്ക് വിധേയരാകേണ്ടി വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.