നിയമങ്ങൾ പാലിക്കൂ, റോഡപകടങ്ങൾ കുറക്കൂ...
text_fieldsമസ്കത്ത്: റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും വർധിക്കുന്നതിനാൽ ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് വിദഗ്ധർ. 2020 മുതൽ 2021വരെയുള്ള കാലയളവിൽ റോഡപകടങ്ങൾ ഏകദേശം 15 ശതമാനം വർധിച്ചതായി റോയൽ ഒമാൻ പൊലീസിന്റെ സ്ഥിതിവിവര കണക്കുകൾ പറയുന്നു. മരണങ്ങളും പരിക്കുകളും യഥാക്രമം 17, 19 ശതമാനങ്ങളായി ഉയരുകയും ചെയ്തു. 2021ൽ 434 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്.
2020ൽ ഇത് 371ഉം 2019ൽ 511ഉം ആയിരുന്നു. അതേസമയം, ഒമാനിലെ റോഡപകടങ്ങൾ, മരണങ്ങൾ, പരിക്കുകൾ എന്നിവ കഴിഞ്ഞ പത്തു വർഷത്തനിടെ കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2012 വർഷത്തെ 2021മായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങൾ 81 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2012ൽ 8209 അപകടങ്ങളും 4514 പരിക്കുകളും 1139 മരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2021ൽ 1539 അപകടങ്ങളും 1621 പരിക്കുകളും 434 മരണങ്ങളും ആയി കുറഞ്ഞു. 2012നെ അപേക്ഷിച്ച് പരിക്കുകളിൽ 64 ശതമാനവും മരണങ്ങളിൽ 82 ശതമാനവുമായി 2021ൽ കുറഞ്ഞു. വേനൽക്കാലത്ത് വാഹനാപകടങ്ങൾക്ക് പ്രധാന കാരണം അനുയോജ്യമല്ലാത്ത ടയറുകളാണെന്ന് റോഡ് സുരക്ഷ വിദഗ്ധനായ സുൽത്താൻ അൽ റവാഹി പറഞ്ഞു. വാഹനത്തിന്റെ അവസ്ഥ, കാലാവസ്ഥ, ഡ്രൈവറുടെ ശാരീരികവും വൈകാരികവുമായ അവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് സുരക്ഷിതവും അനുയോജ്യവുമായ വേഗതയിൽ ഡ്രൈവ് ചെയ്യേണ്ടതാണ്.
വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന ശീലവും നല്ലതല്ല. ഡ്രൈവർമാർക്ക് തങ്ങളുടെ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ബ്ലാക്ക് പോയന്റുകളും അവരുടെ ഫോണുകളിലേക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ വഴി എത്തിക്കുന്നത് കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് ഡ്രൈവിങ് ഇൻസ്ട്രക്ടറായ നാസർ അൽ ഹോസ്നി പറഞ്ഞു.
കൂട്ടിയിടികൾ ഒഴിവാക്കുന്നതിന് റൗണ്ട് എബൗട്ടുകളിലേക്കോ റോഡ് ജങ്ഷനുകളിലേക്കോ അടുക്കുമ്പോൾ റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ വേനൽക്കാലത്ത് വാഹനങ്ങളിൽ പതിവായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതാണെന്ന് റേസിങ് ഡ്രൈവറായ യൂസുഫ് അൽ ബലൂഷി പറഞ്ഞു.
റേഡിയേറ്റർ ജലനിരപ്പ് നിരീക്ഷിക്കുക, മുഴുവൻ കൂളിങ് സിസ്റ്റവും പരിശോധിക്കൽ, എൻജിൻ ഓയിൽ പരിശോധിക്കൽ, ടയറിൽ വേണ്ടത്ര കാറ്റുണ്ടോ എന്നുറപ്പാക്കൽ, ബ്രേക്ക് സിസ്റ്റം പരിശോധിക്കൽ, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത സ്ഥിരീകരിക്കൽ, സുരക്ഷയുടെ സാന്നിധ്യം ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ റോഡപകടങ്ങൾ കുറക്കുന്നതിന് ‘മൊബൈൽ ഫോൺ ഇല്ലാതെ ഡ്രൈവിങ്’ പദ്ധതി ഉൾപ്പെടെ നിരവധി സുരക്ഷിത ഡ്രൈവിങ് ബോധവത്കരണ കാമ്പയിനുകൾ ആർ.ഒ.പി ആരംഭിച്ചിട്ടുണ്ട്. റോഡപകടങ്ങൾ തടയുന്നതിന് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ഡ്രൈവർ തയാറാകണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.