ജബൽ അഖ്ദറിൽ ഇത് മാതളക്കാലം വിളവെടുപ്പ് ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഉൗട്ടിയായ ജബൽ അഖ്ദറിൽ മാതളത്തിെൻറ വിളവെടുപ്പ് ആരംഭിച്ചു. പച്ച മലയിലെ കർഷകരുടെ ഏറ്റവും നല്ല വരുമാനമാർഗം കൂടിയാണിത്. ജബൽ അഖ്തറിൽ 30,000 ത്തോളം മാതള മരങ്ങളുണ്ട്. ഒാരോ മരത്തിലും നൂറിൽ കൂടുതൽ മാതളങ്ങൾ ഉണ്ടാവാറുണ്ട്.
ആഗസ്റ്റ് അവസാനം മുതലാണ് മാതള വിളവെടുപ്പ് ആരംഭിക്കുന്നത്. ഒക്ടോബറോടെ വിളവെടുപ്പ് അവസാനിക്കും. ജബൽ അഖ്ദറിലിപ്പോൾ ഉത്സവ പ്രതീതിയാണ്. വിളവെടുപ്പ് കാണാനും തോട്ടങ്ങളിൽ നിന്ന് മരങ്ങളിൽ നിന്ന് പറിച്ചെടുത്ത മാതളം വാങ്ങാനും നിരവധി സന്ദർശകരാണ് പച്ച മലയിലെത്തുന്നത്.
ജബൽ അഖ്ദറിൽ നിന്നുള്ള മാതളങ്ങൾക്ക് വിപണിയിൽ പ്രിയമേറെയാണ്. രുചിയിലും ഗുണ നിലവാരത്തിലും മികവുറ്റതായതിനാൽ വിലയും കൂടുതലാണ്.
ജബൽ അഖ്ദറിൽ ഏറ്റവും കൂടുതൽ മാതള തോട്ടങ്ങളുള്ളത് ബിലാദ് സീഖിലാണ്. ഇവിടെയുള്ള കർഷകർക്കെല്ലാം നൂറു കണക്കിന് നീർമാതള മരങ്ങളുള്ള വൻ തോട്ടങ്ങളുണ്ട്. വിവിധ ഇനത്തിൽ പെട്ട മാതളങ്ങളാണ് ഇവിടെ വിളവെടുക്കുന്നത്. ചില തോട്ടങ്ങളിൽ 20 ലധികം ഇനം മാതളങ്ങൾ കാണാം. രുചിയിലും വലുപ്പത്തിലും ഗുണ നിലവാരത്തിലുമെല്ലാം ഇവ വ്യത്യസ്തമായിരിക്കും.
ജബൽ അഖ്ദറിലെ റോഡരികിൽ കർഷകർ മാതളം വിൽക്കുന്നത് കാണാം. തൂക്കത്തേക്കാൾ എണ്ണം കണക്കിലാണ് ഇവിടെ വിൽപന. സീസൺ ആരംഭമായതിനാൽ മാതളങ്ങൾക്ക് വില കൂടും. വലുപ്പത്തിലും ഗുണനിലവാരത്തിലും രുചിയിലുമൊക്കെ ഉയർന്ന നിലവാരം പുലർത്തുന്ന പഴങ്ങൾക്ക് ഒന്നിന് ചിലപ്പോൾ അഞ്ച് റിയാലിൽ കൂടുതൽ വിലയും കൊടുക്കേണ്ടി വരും. രുചിയിലും ഗുണ നിലവാരത്തിലും മികച്ച് നിൽക്കുന്നതിനാൽ ഇതിന് വിദേശ വിപണികളിൽ ഇതിന് നല്ല ഡിമാൻറുണ്ട്.
പൂക്കുന്നത് മുതൽ ഏറെ ശ്രദ്ധയോടെ പാലിച്ചാൽ മാത്രമെ ശരിയായ വിളവെടുപ്പ് ലഭിക്കുകയുള്ളൂ. മാർച്ചിലാണ് മാതളം പൂക്കുന്നത്. പൂക്കുന്ന സീസണിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. പ്രാണികളും പാറ്റകളും പൂവുകൾ നശിപ്പിച്ചാൽ വിളവെടുപ്പ് കുറയാൻ കാരണമാവും. ആദ്യ ഘട്ടത്തിൽ തന്നെ കീട നാശിനികളും മറ്റു അടിച്ച് പൂവുകളെ സംരക്ഷിക്കേണ്ടതുണ്ട്. വിളവെടുപ്പ് നടത്താൻ അഞ്ച് മാസം കാത്തിരിക്കേണ്ടി വരും. ഇതിനിടയിൽ പഴം ഭക്ഷിക്കാൻ നിരവധി ജീവികൾ എത്തും. ഇവയിൽ നിന്നെല്ലാം പഴങ്ങളെ രക്ഷിക്കേണ്ടത് ഏറെ പ്രയാസം നിറഞ്ഞ േജാലിയാണ്. ഇൗ വർഷം മരങ്ങൾ പൂക്കാൻ തുടങ്ങിയത് കോവിഡിെൻറ മൂർധന്യ കാലത്താണ്. കോവിഡ് നിയമങ്ങൾ പൂർണമായി പാലിച്ചാണ് കർഷകർ തോട്ടത്തിലിറങ്ങിയത്. രോഗം പടരാതെ ഏറെ ശ്രദ്ധയോടെയാണ് ഇവർ കൃഷിയിൽ മുഴുകിയത്.
എങ്കിലും ഇടക്ക് മഴ ലഭിച്ചത് കാരണവും അനുകൂല കാലാവസ്ഥ ആയതിനാലും നല്ല വിളവാണ് ഇൗ വർഷം ലഭിക്കുന്നത്. വിളവെടുപ്പ് തുടങ്ങിയതോടെ വ്യാപാരികളും വിനോദ സഞ്ചാരികളും പച്ച മലയിലെത്തുന്നുണ്ട്. മാതളം വാങ്ങാനും കയറ്റി അയക്കാനുമാണ് വ്യാപാരികൾ എത്തുന്നത്്. വ്യാപാരികൾക്കായി ബിലാദ് സീഖിൽ ലേല സംവിധാനങ്ങളുമുണ്ട്. ലേലം മൂന്നു ദിവസം നീളും . പഴ ഉൽപന്നങ്ങളും മരങ്ങളും ലേലത്തിൽ വെക്കാറുണ്ട്.
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് ജബൽ അഖ്ദറിലെ മാതളങ്ങൾ. വിളവെടുപ്പ് സീസണിൽ തോട്ടങ്ങൾ ഏറെ മനോഹരമായിരിക്കും. പച്ചിലകൾക്കിടയിൽ തൂങ്ങി കിടക്കുന്ന ചുവന്ന മാതളങ്ങൾ നിറഞ്ഞ മരങ്ങൾ മനോഹര കാഴ്ച തന്നെയാണ്. ഇവ കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവരെ എത്തിക്കുന്നതിന് നിരവധി ടൂറിസം ഏജൻസികളുമുണ്ട്. മാതളത്തോട്ടത്തിലെത്തുന്ന സഞ്ചാരികൾക്ക് കർഷകർ കൃഷി സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ച് നൽകാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.