ഒമാനിൽ 80 ശതമാനവും ദേശാടന പക്ഷികൾ
text_fieldsമസ്കത്ത്: ഒമാനിലെ പക്ഷികളിൽ 80 ശതമാനവും ദേശാടന കിളികൾ. രാജ്യത്ത് മൊത്തം 535 ഇനം പക്ഷികളാണുള്ളത്. ഇതിൽ 400 ഇനവും ദേശാടന പക്ഷികളാണ്. 135 ഇനം പക്ഷികളാണ് വർഷം മുഴുവൻ ഒമാനിൽനിന്ന് പുറത്തുപോവാതെ രാജ്യത്തുതന്നെ തങ്ങുന്നത്. ഒമാൻ ദേശാടന പക്ഷികൾക്ക് തങ്ങാൻ ഏറ്റവും സൗകര്യമുള്ള രാജ്യമാണ്. രാജ്യത്തെ തീരങ്ങളും ഇതിനോട് ചേർന്ന് കിടക്കുന്ന പച്ച പ്രദേശങ്ങളും സുഖകരമായ കാലവസ്ഥ അനുഭവപ്പെടുന്ന നിരവധി ദ്വീപുകളും ദേശാടന പക്ഷികൾക്ക് അനുഗ്രഹമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. സർക്കാറിെൻറയും പൊതുജനങ്ങളുടെയും അനുകൂലമായ നിലപാടുകളും ദേശാടന പക്ഷികൾക്ക് ഗുണകരമാണ്. ഓരോ വർഷവും പതിനായിരക്കണക്കിന് ദേശാടന പക്ഷികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്നത്. തണുപ്പ് കാലത്താണ് ഏറ്റവും കൂടുതൽ പക്ഷികൾ കൂട്ടമായി എത്തുന്നത്. മാസങ്ങളോളം ഇവ ഒമാെൻറ കടൽ തീരങ്ങൾ കീഴടക്കാറുണ്ട്.
വടക്കൻ രാജ്യങ്ങളിൽ തണുപ്പ് കാലം ശക്തമാവുന്നതോടെ ചൂട് കൂടിയ തെക്കൻ രാജ്യങ്ങളിലേക്ക് ദേശാടന പക്ഷികൾ പ്രയാണം ആരംഭിക്കുന്നു. ഇതോടെയാണ് പക്ഷികളുടെ ദേശാടനം തുടങ്ങുന്നത്.
അർമേനിയ, അസർബൈജാൻ, സൈപ്രസ്, ഈജിപ്ത്, ജോർജിയ, ഇറാൻ, ഇറാഖ് തുടങ്ങിയ പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ബുറുണ്ടി, കേമറോസ്, ജിബൂതി, ഇത്യേപിയ, എരിത്രിയ, കെനിയ, റുവാണ്ട, സോമാലിയ, സുഡാൻ, താൻസനിയ, യുഗാണ്ട തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് പക്ഷികളുടെ യാത്ര. ഈ ദേശാടന വഴിയിലെ പ്രധാന യാത്രാമാർഗമാണ് ഒമാൻ. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന നിരവധി പക്ഷികളെയും ഒമാനിൽ കണ്ട് വരുന്നുണ്ട്. വണ്ണാത്തിപ്പുള്ള്, ഇൗജിപ്ത്യൻ കഴുകൻ, സ്വർണ കഴുകൻ, കഴുത്തിൽ പട്ടയുള്ള മീൻ കൊത്തി, ഒരുതരം ഹംസം, നീർ കാക്ക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, കൃത്രിമ പ്രകാശം ദേശാടന പക്ഷികൾക്ക് ഭീഷണിയാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന വൻ പ്രകാശസംവിധാനങ്ങൾ വർഷംതോറും രണ്ടു ശതമാനം ദേശാടന പക്ഷികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.
ഇത്തരം അമിത പ്രകാശം പക്ഷികളുടെ രാത്രികാല യാത്രക്ക് പ്രയാസം സൃഷ്ടിക്കുകയും കെട്ടിടങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. പക്ഷികളുടെ യാത്രാ സമയ സജീകരണെത്തയും കാഴ്ച പരിധിയെയും കൃത്രിമപ്രകാശം ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളും ദേശാടന പക്ഷികളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം അമിത പ്രകാശം നിയന്ത്രിക്കാൻ നടപടികൾ എടുക്കുന്നുണ്ട്. ദേശാടന കാലങ്ങളിൽ വൻ വിളക്കുകൾക്ക് പകരം മങ്ങിയ വെളിച്ചമുള്ള വിളക്കുകൾ കത്തിക്കുക തുടങ്ങിയ നടപടികളാണ് പലയിടത്തും നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.