ഒമാനിൽ കോവിഡ് നിരക്ക് ഉയരുന്നു
text_fieldsമസ്കത്ത്: ആശങ്ക ജനിപ്പിച്ച് ഒമാനിൽ കോവിഡ് നിരക്ക് ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മാസങ്ങളുടെ ഇടവേളക്കുശേഷം 300 കടന്നു. 316 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,35,990 ആയി. 155 പേർക്കുകൂടി രോഗം ഭേദമായി. 1,27,853 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒരാൾകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1535 ആയി. 28 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 136 ആയി. ഇതിൽ 34 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം ഉയർന്നെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതിനിടെ ഒാക്സ്ഫഡ് ആസ്ട്രസെനക കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് കുത്തിവെപ്പ് തുടങ്ങിയത്. 24 മണിക്കൂറിനിടെ 2101 പേർക്ക് വാക്സിൻ നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്യമിട്ട വിഭാഗത്തിെൻറ മൂന്നു ശതമാനമാണിത്. 65 വയസ്സിനു മുകളിലുള്ള ആർക്കും ആസ്ട്രസെനക വാക്സിൻ സ്വീകരിക്കാം.
മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് (875 പേർ) വാക്സിൻ നൽകിയത്. 315 പേരുമായി വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. വാണിജ്യസ്ഥാപനങ്ങളിലടക്കം കോവിഡ് മുൻകരുതൽ നിർദേശങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി നഗരസഭ അധികൃതർ അടക്കം പരിശോധനകൾ ഉൗർജിതമാക്കി. രോഗനിരക്ക് ഉയരുന്ന പക്ഷം കൂടുതൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒമാനിൽനിന്ന് അബൂദബിയിൽ പോകുന്നവർക്ക് ഇനി ക്വാറൻറീൻ വേണം
മസ്കത്ത്: ഒമാനിൽനിന്ന് അബൂദബിയിലേക്കു പോകുന്നവർക്ക് ഇനി ക്വാറൻറീൻ വേണം. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഗ്രീൻ പട്ടികയിൽനിന്ന് ഒമാനെ നീക്കിയതോടെയാണിത്. ഒമാനു പുറമെ മാലദ്വീപിനെയും ബഹ്റൈനെയും ഖത്തറിനെയുമടക്കം പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒമാൻ അടക്കം ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആണെങ്കിലും പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. ഗ്രീൻ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യക്കാർക്ക് വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.