ഉഴുതുമറിച്ച നിലയിൽ ബാത്തിന മേഖല
text_fieldsസുഹാർ: കനത്ത മഴയിലും കാറ്റിലും ഒരു രാത്രികൊണ്ട് ഉഴുതു മറിച്ച നിലയിലായി ബാത്തിന മേഖല. സമാനതകളില്ലാത്ത ദുരന്ത ചിത്രമാണ് ഇവിടങ്ങളിൽ ബാക്കിയാവുന്നത്. 55 വർഷത്തിനിടെ ഇത്തരത്തിലുള്ള അനുഭവം ആദ്യമായിട്ടാണെന്ന് സ്വദേശി പൗരൻ പറഞ്ഞു.
മഴയും കാറ്റും ബാത്തിനയിൽ മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഇതുപോലുള്ളത് മുമ്പ് കേട്ടറിവുപോലുമില്ലെന്ന് പഴമക്കാർ പറയുന്നു. മേഖലക്ക് ചുറ്റുമുള്ള വാദികൾകൂടി കുത്തി ഒലിച്ചതോടെ വെള്ളം നിയന്ത്രണമില്ലാതെ നാശം വിതച്ചു. വാദി നിറഞ്ഞൊഴുകിയ വെള്ളമാണ് പ്രദേശത്തെമുക്കിക്കളഞ്ഞത്.
രാത്രി വൈകി സുഹാറിലും ഫലജിലും ഷിനാസിലും വെള്ളം നിയന്ത്രണമില്ലാതെ വീടുകളിലും കടകളിലും വ്യാപാര കേന്ദ്രങ്ങളിലും ഗോഡൗണു കളിലുംകയറി നാശംവിതച്ചു. കന്നുകാലികളും വളർത്തുമൃഗങ്ങളും കൃഷിയും പാകമായ വിളകളും നശിച്ചുപോയി. സ്വന്തം സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ ഒലിച്ചു പോകുന്നത് നോക്കി നിൽക്കേണ്ടിവന്ന കച്ചവടക്കാരുടെ തേങ്ങൽ മാറിയിട്ടില്ല ഇതുവരെ.
പെട്രോൾ പമ്പുകൾ, വീടുകൾ, ഓഫിസുകൾ, സർക്കാർ സ്ഥാപനങ്ങൾ, വലിയ വ്യാപാര സമുച്ചയമായ സിറ്റി സെന്റർ വരെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൻ നാശം ഏറ്റുവാങ്ങി.
സുഹാറിന്റെ കവാടമായ സുഹാർ ഗേറ്റ് പ്രദേശം വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. മലയിൽ നിന്ന് ഒഴുകിവന്ന പാറക്കെട്ടുകളും മരത്തടികളും
കല്ലും മണലും ചളിയും നിറഞ്ഞ് സുഹാർ-മസ്കത്ത് റോഡ് അടക്കേണ്ടിവന്നു. ബിദായ, ഖാബൂറ മേഖലകളിൽ ശഹീൻ വിതച്ച ആഘാതം ബാക്കി നിൽക്കെ വീണ്ടും പ്രളയ ഭീതിയിൽ ജനം ആശങ്കപ്പെട്ടു. കനത്ത മഴ ഉണ്ടായെങ്കിലും വലിയ നാശനഷ്ടം ഉണ്ടായില്ല. ബിദായയിലും വാദി നിറഞ്ഞൊഴുകി വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്തു.
റോഡിലെ ചളിയും മണ്ണും ഏറെ ശ്രമകരമായി നീക്കി ഗതാഗതം സുഗമമാക്കി. ഈ പ്രദേശത്തെ പഴയ രൂപത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വലിയ പ്രയത്നം ആവശ്യമാണ്. മുനിസിപ്പാലിറ്റി ജീവനക്കാരും സർക്കാർ സംവിധാനങ്ങളും മറ്റു സന്നദ്ധ സംഘടനകളും നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചാലേ ഒരു പരിധിവരെയെങ്കിലും തിരിച്ചു പിടിക്കാൻ ആവൂ.
ബുറൈമിയിൽ തകർന്ന റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.