വികസനത്തിന്റെ പുതുവിഹായസ്സിൽ...
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ പുതുലോകം തീർത്ത് ഒമാൻ മുന്നേറുന്നു. 2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി ചുമതലയേറ്റ് ഇന്നേക്ക് നാലാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിയിക്കാനുള്ള പ്രയത്നത്തിലാണ് സുൽത്താൻ. എണ്ണവിലയിലുണ്ടായ വർധന സാമ്പത്തിക രംഗത്ത് നവോന്മേഷമാണ് കഴിഞ്ഞ വർഷം പകർന്ന് നൽകിയത്.
സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ച് കൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഭരണമേറ്റെടുത്ത അന്നുതന്നെ സുൽത്താൻ ഒമാനിലെ പൗരൻമാരോട് ആഹ്വാനം ചെയ്തിരുന്നു. സുൽത്താന്റെ നിസ്തുലമായ നേതൃപാടവത്തോടൊപ്പം പൗരന്മാരുടെ പരിപൂർണ പിന്തുണയോടെ രാജ്യം വെല്ലുവിളികളെ നേരിട്ട് പുരോഗതിയുടെ പുത്തൻ പടവുകളിലേക്ക് നടന്ന് കയറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് രാജ്യത്തിന്റെ വികസനത്തിന് നവ ഊർജം പകരാനും സുൽത്താൻ നിർദേശം നൽകിയിരുന്നു.
സമ്പദ്വ്യവസ്ഥയിൽ കുതിപ്പ്
സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനുശേഷം, ഒമാനി സമ്പദ്വ്യവസ്ഥ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു. ബജറ്റിൽ സാമ്പത്തിക മിച്ചം വരുത്തി. അധിക സാമ്പത്തിക വരുമാനം സാമൂഹിക ചെലവുകൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ വായ്പാ കൈകാര്യം ചെയ്യുന്നതിനും പൊതുകടം കുറക്കുന്നതിനും ഗവർണറേറ്റുകൾ വികസിപ്പിക്കുന്നതിനും ഉപയോഗിച്ചു.
പൊതുചെലവ് നിയന്ത്രിക്കുന്നതിനും എണ്ണ ഇതര വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായകമായ സാമ്പത്തിക നടപടികളും നയങ്ങളും സർക്കാർ സ്വീകരിച്ചു. പത്താം പഞ്ചവത്സര പദ്ധതിയുടെ (2021-2025) ആദ്യ മൂന്ന് വർഷങ്ങളിലെ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെ ഇത് നല്ല രീതിയിൽ പ്രതിഫലിപ്പിച്ചു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങുകൾ ഏജൻസികൾ ഉയർത്തുകയും ചെയ്തു. ഇത് കൂടുതൽ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാൻ ഇടവരുത്തുകയും ചെയ്തു. ഈ വർഷം സുൽത്താൻ അംഗീകാരം നൽകിയ ബജറ്റിൽ ഏകദേശം 11 ശതകോടി റിയാൽ ആണ് വരുമാനം പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാൽ ആയും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനേക്കാൾ 2.6 ശതമാനം കൂടുതലാണ്.
വിദേശികളെയും ചേർത്തുപിടിച്ച്
വികസനത്തിന്റെ പുത്തൻ വിഹായസ്സിലേക്ക് രാജ്യത്തെ നയിക്കുമ്പോൾ സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. രാജ്യത്ത് ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ലെന്ന സുപ്രാധന തീരുമാനവും സർക്കാർ കൈക്കൊള്ളുകയുണ്ടായി. 2021 ഒക്ടോബറിൽ നിശ്ചയിച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വർഷവും തുടരുക. സർക്കാർ ജീവനക്കാരുടെ പ്രമോഷനുകൾക്കായി 60 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ട്. 52,000 ജീവനക്കാർ ഇതിന്റെ ഗുണഭോക്താക്കളായി വരും. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിപുലീകരിക്കാനും സാമൂഹിക സംരക്ഷണ ഫണ്ട് ശാക്തീകരിക്കാനും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവനങ്ങളിലെ ചെലവുകളുടെ നിലവാരം നിലനിർത്താനും ലക്ഷ്യമിട്ടാണ് സുൽത്താന്റെ കീഴിൽ ഒമാൻ മുന്നോട്ടുപോയി കൊണ്ടിരിക്കുന്നത്.
പണപ്പെരുപ്പം കുറഞ്ഞു
2023 നവംബർ അവസാനത്തോടെ ഒമാനിലെ പണപെരുപ്പ നിരക്ക് ഏകദേശം 1.03 ശതമാനമായി കുറഞ്ഞു. ആഗോള പണപെരുപ്പ സൂചകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശതമാനം മിതമായതാണെന്നാണ് വിലയിരുത്തുന്നത്. സർക്കാർ സ്വീകരിച്ച നടപടികൾ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തി, പ്രത്യേകിച്ചും ഭക്ഷ്യ, ഇന്ധന ഉൽപന്നങ്ങൾക്കുള്ള സബ്സിഡി വഴി. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തെ കണക്കനുസരിച്ച് ഒമാന്റെ വ്യാപാര ബാലൻസ് ഏകദേശം 6.370 ശതകോടി റിയാൽ ആയിരുന്നു. അതേസമയം പ്രാദേശിക പണലഭ്യത 10 ശതമാനം വർധിച്ച് 2023 ഒക്ടോബർ അവസാനത്തോടെ 22 ശതകോടി റിയാൽ ആയി ഉയരുകയും ചെയ്തു.
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ 2023 ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഒമാൻ 10 സ്ഥാനങ്ങൾ മുന്നേറി. വിശ്വാസ്യതയുടെ ഏഴ് തൂണുകൾക്ക് അനുസൃതമായി പ്രകടനം വിലയിരുത്തിയ 132 രാജ്യങ്ങളിൽ ഒമാൻ ആഗോളതലത്തിൽ 69ാം സ്ഥാനത്താണ്. മാനവ മൂലധനം, ഗവേഷണം, അടിസ്ഥാന സൗകര്യം എന്നിവയുടെ സൂചികകളിൽ ഒമാൻ ഏറ്റവും ഉയർന്ന പ്രകടനം കൈവരിച്ചു. സോഷ്യൽ പ്രൊട്ടക്ഷൻ പ്രോഗ്രാം ഒമാനിലെ ഭിന്നശേഷികാർക്ക് പ്രതിമാസ സാമ്പത്തിക സഹായമായി 130 റിയാലും നൽകുന്നു.
ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച്
ഒമാനും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് നയതന്ത്ര മേഖലകളിലടക്കം പുതിയ ഏടുകൾ തീർത്താണ് സുൽത്താന്റെ കീഴിൽ രാജ്യം മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ, ഇറാൻ, ജർമനി, സ്വീഡൻ, സിറിയ, സിംഗപ്പൂർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുമായി അങ്ങോട്ടും ഇങ്ങോട്ടും രാഷ്ട്രതലവൻമാരുടെ സന്ദർശനമുണ്ടായി. മസ്കത്തിനും ന്യൂഡൽഹിക്കുമിടയിൽ സഹകരണങ്ങൾ ശക്തിപ്പെടത്തുന്നതിനും ബന്ധങ്ങൾ വിപുലപ്പെടാനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം സഹായകമാവുകയും ചെയ്തു. 26 വർഷത്തിനുശേഷമായിരുന്നു ഒമാനിൽനിന്നുള്ള രാഷ്ട്രത്തലവൻ ഇന്ത്യയിൽ എത്തിയത്. ഇതിന് മുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്.
വികസന പദ്ധതികൾക്കായി 900 ദശലക്ഷം റിയാൽ
സാമൂഹിക, നഗര വികസനത്തിനാണ് ഈ വർഷത്തെ ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. വികസന പദ്ധതികൾക്കായി ഏകദേശം 900 ദശലക്ഷം റിയാൽ ആണ് വകയിരുത്തിയിട്ടുള്ളത്. ഗവർണറേറ്റ് വിഹിതമായി 83.7 ദശലക്ഷം റിയാലും മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 44 ദശലക്ഷം റിയാൽ ഗവർണറേറ്റ് വികസന പദ്ധതികൾക്കായുള്ളതാണ്.
2024ൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവൃത്തികൾ
വിദ്യാഭ്യാസ മേഖല
15 പൊതുവിദ്യാലയങ്ങൾ നിർമിക്കും. 20 സർക്കാർ സ്കൂളുകളുടെ നിർമാണത്തിന് ടെൻഡർ നൽകും. മുസന്ദം ഗവർണറേറ്റിൽ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കെട്ടിട നിർമാണം, അഞ്ച് വർഷത്തിനുള്ളിൽ ഐ.എസ്.ഒ സ്കോളർഷിപ്പുകൾ ഉൾക്കൊള്ളുന്ന വിദേശ സ്കോളർഷിപ് പ്രോഗ്രാം നടപ്പാക്കൽ, പൊതു സ്കൂൾ ബസുകൾക്കായി 850 അധിക കരാറുകൾ നൽകും, 1000 സ്കൂൾ ബസുകൾക്ക് പകരമായി മെച്ചപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ബസുകൾ, 20,000ലധികം എയർകണ്ടീഷണറുകൾ മാറ്റിസ്ഥാപിക്കും.
ആരോഗ്യ മേഖല
സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ സലാല, അൽ സുവൈഖ് ഹോസ്പിറ്റൽ, വാദി ബാനി ഖാലിദ് ഹോസ്പിറ്റൽ, ഖസബ് ഹോസ്പിറ്റൽ, മദ്ഹ ഹോസ്പിറ്റൽ, മാഹൂത്ത് ഹോസ്പിറ്റൽ, അൽ മസിയോന ഹോസ്പിറ്റൽ എന്നിങ്ങനെ ഏഴ് സർക്കാർ ആശുപത്രികളുടെ നിർമ്മാണം പൂർത്തീകരിക്കും. ഇതിൽ പലതിന്റെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. സമയിൽ , അൽ നമാ, അൽ ഫലാഹ് ആശുപത്രികളുടെ നിർമാണം, സർക്കാർ ആശുപത്രികളുടെ നവീകരണം, സെൻട്രൽ ലബോറട്ടറി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഉദ്ഘാടനം, നിലവിലുള്ള മൂന്ന് ആശുപത്രികളുടെ വിപുലീകരണം എന്നിങ്ങനെയാണ് മറ്റുള്ള പ്രവർത്തനങ്ങൾ.
സംസ്കാരം, കായികം, യുവജന മേഖലയിൽ ഒമാൻ കൾചറൽ കോംപ്ലക്സും ഭവന നിർമാണവും നഗര ആസൂത്രണ മേഖലയിൽ സുൽത്താൻ ഹൈതം നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിന്റെ ആദ്യ ഘട്ടവും പൂർത്തീകരിക്കും. ഗവർണറേറ്റുകളുടെ വികസന പരിധിയിൽ പൊതു പാർക്കുകളുടെ വികസനവും പരിപാലനവും ആണ് വരുന്നത്.
ഗതാഗത മേഖല
ആറ് പ്രധാന റോഡ് പദ്ധതികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ഖസബിനും ദിബ്ബക്കക്കും ഇടയിലുള്ള റോഡിന്റെയും മുസന്ദം ഗവർണറേറ്റിലെ ലിമയെ ബന്ധിപ്പിക്കുന്ന റോഡിന്റെയും രൂപകൽപനയും നിർമാണവും. ബാത്തിന തീരദേശ റോഡിന്റെ (ഘട്ടം ഒന്ന്) ശേഷിക്കുന്ന ഭാഗങ്ങളുടെ രൂപകൽപനയും നിർമാണവും, അൽ അൻസബ് അൽ ജിഫ്നൈൻ ഇരട്ടപ്പാതയുടെ നിർമാണം. സലാലയിലെ സുൽത്താൻ ഖാബൂസ് റോഡിന്റെ ഇരട്ടപ്പാത നിർമാണം, ദോഫാർ ഗവർണറേറ്റിലെ മുഖ്ഷിൻ പ്രവിശ്യയിലെ റോഡിന്റെ നിർമാണം എന്നിവയാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.