ഇൻബോക്സ്
text_fieldsപ്രവാസികളുടെ യാത്രാദുരിതത്തിന് അറുതി വേണ്ടേ?
പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം യാത്രയുമായി ബന്ധപ്പെട്ടതാണ്. കാലങ്ങളായി തുടരുന്ന ഈ ദുരനുഭവത്തിൽ വേണ്ടപ്പെട്ടവർ അണുമണിത്തൂക്കം പോലും ശ്രദ്ധ ചെലുത്തുന്നില്ല. കാരണം പറയാതെ വിമാനം വൈകുന്നതും റദ്ദാക്കുന്നതുമായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘കലാപരിപാടികൾ’ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇത് ഏറിയപങ്കും അനുഭവിക്കുന്നതാകട്ടെ ജി.സി.സിയിലെ പ്രവാസികളാണ്. എണ്ണപ്പെട്ട അവധി കഴിഞ്ഞ് വരുന്നവരും അവധിക്ക് പോകുന്നവരും എയർ ഇന്ത്യഎക്സ്പ്രസിന്റെ ഈ കണ്ണിൽ ചോരയില്ലാത്ത നടപടികൾക്ക് ഇരയാകാറുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി രണ്ടു ദിവസത്തേക്ക് യാത്ര ചെയ്യുന്നവർ അവരുടെ ലക്ഷ്യം നിറവേറ്റാൻ കഴിയാതെ പ്രയാസപ്പെടുന്നു.
ഇനിയെങ്കിലും ഇതിനൊരു അറുതി വേണ്ടേ?. കൂടാതെ ട്രാവൽ ഏജന്റുമാർ അനുഭവിക്കുന്ന പ്രയാസങ്ങൾ വേറെ. ടിക്കറ്റ് എടുക്കാൻ വരുന്ന യാത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വരുന്നു. വിമാനം പോകുമെന്നോ പോകില്ലെന്നോ പറയാൻ കഴിയുന്നില്ല. ടിക്കറ്റ് എടുത്തുകൊടുത്ത ഏജൻസിയെ വിളിച്ച് ചീത്ത പറയുന്നവരും കുറവല്ല.
എയർ ഇന്ത്യ എക്സ്പ്രസിൽ അവധിക്ക് നാട്ടിൽ പോകുന്നയാൾക്കും വരുന്നയാൾക്കും വേണ്ടപ്പെട്ടവരോട് യാത്ര പറയുന്ന രീതി ‘ഞാൻ നാളെ പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്’ എന്നാക്കേണ്ട ഗതികേടിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. കുറച്ചധികം നാളുകളായി പ്രവാസി അനുഭവിക്കുന്ന ഈ ദുരിതം വേണ്ടപ്പെട്ടവർ അത്രകണ്ട് ഗൗരവത്തിൽ എടുക്കുന്നില്ല.
ജമാൽ ഹസൻ
പ്രവാസികൾക്ക് ആദ്യം ലഭിക്കേണ്ടത് മാന്യമായി സന്തോഷത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണ്. അതിന് യാതൊരു നീതിയും ഉത്തരവാദപ്പെട്ടവരുടെ അടുക്കൽ നിന്ന് ലഭിക്കുന്നില്ല. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ വരുമാനം നേടിക്കൊടുക്കുന്ന പ്രവാസി സമൂഹത്തോട് ഭീമമായ യാത്രാചെലവ് വാങ്ങി ചൂഷണം ചെയ്യുന്നത് വിമാന കമ്പനികൾ നടത്തുന്ന അനീതിയാണ്.
ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയർലൈൻ കമ്പനികളുടെ നടപടിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട് കരുണ കാണിക്കണം.
അവധിക്കാലങ്ങളിൽ കുത്തനെ വർധിപ്പിക്കുന്ന ടിക്കറ്റ് നിരക്ക് കൊടുത്തിട്ടാണ് യാത്രക്കൊരുങ്ങി നിൽക്കുന്നത്. ഇതുപോലെ പ്രവാസികളെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.