സ്നേഹത്തിന്റെ കട തുറന്ന് മുന്നോട്ട്...
text_fieldsരാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ഡിസംബറിൽ രാജസ്ഥാനിലെത്തിയപ്പോൾ തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, ‘വെറുപ്പിന്റെ അങ്ങാടിയില്‍ താന്‍ സ്നേഹത്തിന്റെ കട’ തുറക്കാന്‍ പോകുകയാണെന്ന്. അക്ഷരാർഥത്തില്‍ ആ കടയുടെ ആദ്യ ഷോറൂം കര്‍ണാടകത്തില്‍ ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ തുറന്നിരിക്കുന്നു. കര്‍ണാടകത്തിലെ ജനങ്ങള്‍ക്കു മാത്രമല്ല, ഈ വിജയം പ്രതീക്ഷ നല്‍കുന്നത്. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉണര്‍ത്തിയ രാഹുല്‍ രാജ്യത്തിനുതന്നെ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
സമീപകാലത്ത് മറ്റൊരു സംസ്ഥാനത്തും കണ്ടിട്ടില്ലാത്തത്ര ഐക്യത്തോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സാധാരണക്കാരായ ആളുകളെ ബാധിക്കുന്ന കാര്യങ്ങള്‍ വിഷയമാക്കി പ്രവര്‍ത്തിച്ചു. ജാതിയും മതവുമല്ല മറിച്ച് ജനതയുടെ അനുദിന ജീവിതത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്കുള്ള പരിഹാരമാണ് മുന്നോട്ടുള്ള യാത്രയില്‍ വേണ്ടത് എന്ന ബോധം വോട്ടായി മാറിയിട്ടുണ്ട്. വോട്ട് ചോദിക്കുന്ന വേളകളില്‍ എല്ലായിടത്തും നിർലജ്ജം നിര്‍ഭയം കടന്നുചെല്ലുന്ന ചില നേതാക്കള്‍ക്ക് വോട്ട് കിട്ടി ജയിച്ചു കഴിയുമ്പോള്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കാന്‍ മുമ്പില്ലാത്ത എന്ത് ഭയമാണുള്ളത്. ഈ ഘട്ടത്തിലാണ് കന്യാകുമാരി മുതല്‍ കശ്മീര്‍വരെ കാല്‍നടയായി ഭയരഹിതനായി നടന്ന രാഹുല്‍ ഗാന്ധി പ്രസക്തനാവുന്നത്.
വര്‍ഷങ്ങളോളം അധികാരം നഷ്ടപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍തന്നെ അപ്രസക്തരായി എന്നു കരുതപ്പെട്ട കോണ്‍ഗ്രസ് വൈകിയാണെങ്കിലും തങ്ങളുടെ പാര്‍ട്ടിക്കുള്ള രോഗസംഹാരി കണ്ടെത്തിയിട്ടുണ്ടാവണം. അത് എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം ആയിരിക്കുക എന്നതാവണം. കർണാടകയിലെ പുതിയ സർക്കാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.