സാഹോദര്യ സന്ദേശവുമായി ഇൻകാസ് ഒമാൻ ഇഫ്താർ വിരുന്ന്
text_fieldsഇൻകാസ് ഒമാൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
മസ്കത്ത്: സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ പങ്കെടുപ്പിച്ച് ഇൻകാസ് ഒമാൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നതായി. റൂവിയിലുള്ള ഗാലക്സി പാർട്ടി ഹാളിൽ നടന്ന ഇഫ്താർ വിരുന്നിന് നൂറുകണക്കിന് ആളുകളാണ് എത്തിയത്. സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനത്തിനും ജാതി മത ഭേദമന്യേ മലയാളി സമൂഹത്തിന്റെ ഒത്തൊരുമക്കും സാക്ഷ്യം വഹിക്കാനായത് വേറിട്ട അനുഭവമായെന്ന് ചടങ്ങിൽ മുഖ്യാഥിതിയായിരുന്ന കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖിൽ പറഞ്ഞു.
സഹനത്തിന്റെയും ക്ഷമയുടെയും മഹത്തായ പാഠങ്ങളാണ് ഓരോ റമദാൻ കാലവും നമ്മെ പഠിപ്പിക്കുന്നതെന്നും അത്തരം മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ഇൻകാസിന്റെ പ്രവർത്തകർക്ക് കഴിയട്ടെയെന്ന് ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കൂട്ടായ പരിശ്രമങ്ങളുമാണ് ഇൻകാസ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും ഒമാൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ നടത്തിവരുന്നതായും ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റ് റെജി കെ. തോമസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സീനിയർ നേതാവും ഇന്റർനാഷനൽ ഗാന്ധിയൻ തോട്ട്സ് ഗ്ലോബൽ ചെയർമാനുമായ എൻ. ഒ. ഉമ്മൻ റമദാൻ ആശംസകൾ നേർന്നു. വിവിധ മത, സാംസ്കാരിക സംഘടനകളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഒമാൻ പൊതുമണ്ഡലത്തിലെ പ്രമുഖരും ആശംസകൾ അറിയിച്ചു.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇൻകാസ് നേതാക്കളും പ്രവർത്തകരും അടക്കം നാന്നൂറോളം ആളുകൾ വിരുന്നിൽ പങ്കെടുത്തു. കിഫിൽ ഇക്ബാൽ കൺവീനറായ ഇഫ്താർ സംഗമത്തിന് ഇൻകാസ് ഒമാൻ നേതാക്കൾ നേതൃത്വം നൽകി. എല്ലാ റീജനൽ, ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഇഫ്താർ വിരുന്നിന് ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.