ഒമാനിൽനിന്നുള്ള മടക്കം: 7689 വിദേശ തൊഴിലാളികൾ രജിസ്റ്റർ ചെയ്തു
text_fieldsമസ്കത്ത്: വിദേശികൾക്ക് ഫീസും പിഴയുമടക്കാതെ ജന്മനാടുകളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ 7689 പേരായി. നവംബർ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ തുടങ്ങിയത്. 19ാം തീയതി വരെ അഞ്ചുദിവസത്തിനുള്ളിലാണ് ഇത്രയുംപേർ രജിസ്റ്റർ ചെയ്തെതന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.രജിസ്റ്റർ ചെയ്തവരിൽ 3263 പേർ ജോലിയില്ലാത്തവരാണ്. 408 പേർ തൊഴിൽ പെർമിറ്റ് ഇല്ലാത്തവരും 253 പേർ തൊഴിൽ പെർമിറ്റ് റദ്ദായവരുമാണ്.
വിസയുടെ രീതി വെച്ചുള്ള കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തവരിൽ 7289 പേർ തൊഴിൽ വിസയിലുള്ളവരും 93 പേർ കുടുംബ വിസയിലുള്ളവരും 87 പേർ ഫാമിലി ജോയിനിങ് വിസയിലുള്ളവരും 147 പേർ സന്ദർശന വിസയിലുള്ളവരും 12 പേർ ടൂറിസ്റ്റ് വിസയിലുള്ളവരും ആണ്. തൊഴിൽ, താമസ രേഖകളില്ലാത്ത 61 പേരും പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് ഫീസും പിഴയുമില്ലാതെ മടങ്ങുന്നതിനുള്ള പദ്ധതിയുടെ ആനുകൂല്യം ഡിസംബർ 31 വരെയാണ് ലഭിക്കുക.
www.manpower.gov.om എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഡിസംബർ 31 വരെ കാലയളവിൽ മടങ്ങുന്ന വിദേശികൾക്ക് തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട ഫീസുകളും ഫൈനുകളും ഒഴിവാക്കി നൽകുമെന്നും ഒളിച്ചോടിയ തൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാൻ കഴിയാത്തവർക്ക് സനദ് സെൻററുകൾ വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷൻ നടത്തുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൊഴിലുടമകൾ ഇത് പരിശോധിച്ച് ഇവരുമായി എന്തെങ്കിലും ക്ലെയിമുകളോ പരാതികളോ നിലനിൽക്കുന്നുണ്ടെങ്കിൽ ഒരാഴ്ച്ചക്കകം തൊഴിൽ മന്ത്രാലയത്തെ സമീപിക്കണം.
രജിസ്ട്രേഷൻ നടത്തിയവർ ഒരാഴ്ചക്ക് ശേഷം അതത് എംബസികളെ ബന്ധപ്പെട്ടാൽ യാത്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അറിയാൻ കഴിയും.യാത്രാനുമതി ലഭിച്ചവരിൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് എംബസി ഒൗട്ട്പാസ് നൽകും. ഇങ്ങനെ അനുമതി ലഭിച്ചവർ വിമാന ടിക്കറ്റ് എടുത്ത ശേഷം മറ്റു യാത്രരേഖകളും 72 മണിക്കൂറിനിടയിൽ എടുത്ത പി.സി.ആർ പരിശോധന ഫലവുമായി മസ്കത്ത് വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയം ഒാഫിസിലെത്തി അന്തിമ നടപടികൾ പൂർത്തീകരിക്കണം. വിമാനം പുറപ്പെടുന്നതിന് ഏഴ് മണിക്കൂർ മുമ്പാണ് എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.