എണ്ണയിതര വരുമാനത്തിൽ 8.6 ശതമാനത്തിെൻറ വർധന
text_fieldsമസ്കത്ത്: കഴിഞ്ഞവർഷം രാജ്യത്തിന് എണ്ണ, പ്രകൃതിവാതക കയറ്റുമതിയിലൂടെയുള്ള വരുമാനം കുത്തനെ കുറഞ്ഞെങ്കിലും നികുതിമേഖലയിൽനിന്നടക്കമുള്ള വരുമാനം വർധിച്ചതായി കണക്കുകൾ. കോർപറേറ്റ് വരുമാന നികുതി, ടെലികോം റോയൽറ്റി, ഒാഹരി വിൽപന, സർക്കാർ നിക്ഷേപങ്ങളിൽനിന്നുള്ള ലാഭവും ഡിവിഡൻറും, മറ്റു നികുതികൾ, ഫീസുകൾ തുടങ്ങിയവയിൽ നിന്നുള്ള വരുമാനം 8.6 ശതമാനം വർധിച്ചതായാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കഴിഞ്ഞവർഷത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്കിലെ കണക്കുകൾ പറയുന്നത്. മൊത്തം എണ്ണയിതര വരുമാനം 2018ൽ 2.382 ശതകോടി റിയാൽ ആയിരുന്നത് 2.589 ശതകോടി റിയാലായാണ് വർധിച്ചത്. എണ്ണയിതര, നികുതി മേഖലയിലെ വർധന ബജറ്റ് കമ്മി 2.622 ശതകോടി റിയാലിൽ ചുരുക്കി നിർത്താൻ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കമ്പനികളുടെ നികുതികളും സ്ഥാപനങ്ങളുടെ ലാഭനികുതിയുമാണ് എണ്ണയിതര വരുമാനത്തിെൻറ പ്രധാന പങ്കും. ഇത് 463 ദശലക്ഷം റിയാൽ ആയിരുന്നത് 625 ദശലക്ഷം റിയാലായാണ് ഉയർന്നത്. അതേസമയം വസ്തുവകകളിൽ നിന്നുള്ള നികുതിയിൽ കുറവുണ്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ അധിക നികുതിയിൽ നിന്ന് രാജ്യത്തിെൻറ ഖജനാവിലെത്തിയത് 38.65 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വർഷം ജൂൺ 15 മുതലാണ് പുകയില ഉൽപന്നങ്ങൾ, ഉൗർജപാനീയങ്ങൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, ആലക്കഹോൾ തുടങ്ങിയവക്ക് അധിക നികുതി ഏർപ്പെടുത്തിയത്. ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ അധിക നികുതിയടക്കം സാധനങ്ങളുടെയും സേവനങ്ങളുടെയും ആഭ്യന്തര നികുതിയിൽ വരുമാനം 2018ൽ 158.7 ദശലക്ഷം റിയാൽ ആയിരുന്നത് കഴിഞ്ഞവർഷം 204 ദശലക്ഷം റിയാലായി ഉയർന്നു. ഇതിെൻറ ഉപ വിഭാഗങ്ങളായ വാഹന ലൈസൻസ് ഫീസ്, ഹോട്ടൽ-വിനോദ നികുതി, ടെലികോം ലൈസൻസ് ഫീസ് എന്നിവയിലും വർധനവുണ്ട്. കസ്റ്റംസ് തീരുവയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്.
വിദേശജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ലെവിയിൽനിന്നുള്ള വരുമാനത്തിലും കുറവുണ്ട്. 258.5 ദശലക്ഷം റിയാലിൽനിന്ന് 242.4 ദശലക്ഷം റിയാലായാണ് ഇത് കുറഞ്ഞത്. ഇമിഗ്രേഷൻ-പാസ്പോർട്ട് വിഭാഗത്തിൽനിന്നുള്ള വരുമാനത്തിലും കുറവുണ്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രാലയങ്ങളുടെയും പൊതുമേഖലാ ഏജൻസികളുടെയും വിവിധ സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.