ഖരീഫ് സന്ദർശകരുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: രാജ്യത്തിനകത്തും പുറത്തുമുള്ളവരെ ആകർഷിക്കുന്ന ഖരീഫ് സീസണിൽ രാജ്യത്ത് സന്ദർശകരുടെ എണ്ണം വർധിച്ചു. ഈ വർഷം ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഖരീഫ് സീസണിൽ ദോഫാറിൽ എത്തിയ സന്ദർശകരുടെ എണ്ണം 3.96 ലക്ഷമാണെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒമാനി സന്ദർശകർ, ജി.സി.സി സന്ദർശകർ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി സന്ദർശകരെ തരംതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് ദോഫാറിലെ ഒമാനി സന്ദർശകരുടെ എണ്ണം 13 ശതമാനം വർധിച്ച് 2,96,135 ആയി. മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്ന് 59,555 സന്ദർശകരാണ് ഈ വർഷം എത്തിയത്. 2022ലെ ഇതേ കാലയളവിൽ ഇത് 52,807 ആയിരുന്നു. ബാക്കിയുള്ളവർ മറ്റു വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്.
ഖരീഫ് സീസൺ മുന്നിൽക്കണ്ട് നിരവധി പരിപാടികളും പദ്ധതികളുമാണ് ഇത്തവണ ദോഫാറിൽ ഒരുക്കിയത്. ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സലാലയിൽ 30 ലക്ഷം റിയാൽ മൂല്യമുള്ള നാലു ടൂറിസം പദ്ധതികളുടെ വികസനം പൂർത്തിയാക്കിയിട്ടുണ്ട്. മുഗ്സെയിൽ വാട്ടർഫ്രണ്ട്, ഹംറീർ വ്യൂ, ദർബാത്ത് വ്യൂ, ഐൻ ജർസിസ് എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്.
പ്രദേശത്തെത്തുന്ന സന്ദർശകർക്ക് വ്യതിരിക്തമായ അനുഭവങ്ങൾ നൽകുന്നതിന് സഹായിക്കുന്നതാണ് പുതിയ സൗകര്യങ്ങൾ. 1,74,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മുഗ്സെയിൽ വാട്ടർഫ്രണ്ട് പദ്ധതി പാർക്കിങ് സ്ഥലങ്ങൾ, ഇവന്റുകൾ, ആക്ടിവിറ്റികൾ, ഫുഡ് കിയോസ്ക്കുകൾ, റസ്റ്റാറന്റുകൾ, ബീച്ചിലെ കാൽനട സ്ഥലം, സിറ്റിങ് ഏരിയകൾ, പിക്നിക് സ്പോട്ടുകൾ, വ്യായാമ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.
ഖരീഫ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റി സംഗീത പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഖരീഫ് സീസണിൽ ആകെ ഒമ്പതു സംഗീത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അൽ മുറൂജ് തിയറ്ററിലും അൽ ഖൗസ് തിയറ്ററിലുമായാണ് ആഗസ്റ്റ് 27വരെ പരിപാടികൾ അരങ്ങേറുക.
ലാമിസ് ഖാൻ, വആദ്, മിറിയം ഫാരിസ്, മഹ്മൂദ് അൽ തുർകി തുടങ്ങി അറബ് ലോകത്ത് പ്രസിദ്ധരായ ഗായകർ ഇതിൽ വേദിയിലെത്തും. ഇന്ത്യൻ സംഗീത ബാൻഡായ ‘ഷാൻ’, കുവൈത്ത് ബാൻഡ് ‘മിയാമി’ എന്നിവയും വേദിയിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.