ഒമാനിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: വാക്സിനേഷൻ നടപടികൾ ഊർജിതമാക്കുകയും യാത്ര നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ചെയ്തതോടെ സുൽത്താനേറ്റിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ വർധന രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ പുതിയ കണക്കു പ്രകാരം 1,08,000 ആളുകളാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ഇതിൽ പകുതിയിലധികവും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. 55,230 ആളുകളാണ് ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയിട്ടുള്ളത്. തൊട്ടടുത്ത് ഇന്ത്യ, യമൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ പത്തു മടങ്ങ് കൂടുതലാണിത്. മഹാമാരിയെ തുടർന്ന് ഒമാനിലെ ഹോട്ടൽ വ്യവസായം നഷ്ടത്തിലാണെങ്കിലും ഈ വർഷം ഒക്ടോബറിൽ ഹോട്ടൽ താമസക്കാരുടെ എണ്ണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ത്രീ, ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള ഹോട്ടലുകളിൽ നിന്നുള്ള വരുമാനം ഈ വർഷം ഒക്ടോബറിൽ 10.1 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 105.8 ശതമാനത്തിെൻറ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ വിഭാഗത്തിലെ ഹോട്ടലുകളിലെ താമസിക്കാനെത്തിയവരുടെ നിരക്കിലും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറിലെ 21.5 ശതമാനമായിരുന്നെങ്കിൽ ഈ ഒക്ടോബറിലിത് 39.7ശതമാനമായി വർധിച്ചു. ഹോട്ടലുകളിലെ മൊത്തം അതിഥികളുടെ എണ്ണം 36.7 ശതമാനം വർധനയോടെ 1,04,300 ആയിട്ടുണ്ട്. അതേസമയം, ഈ വർഷം ഒക്ടോബറിൽ രാജ്യത്തുനിന്ന് പുറത്തേക്കുപോയ യാത്രക്കാരുടെ എണ്ണം 2,46,000 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.