ഒമാനിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും എത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ടൂറിസം പ്രമോഷൻ കാമ്പയിൻ നടത്തുമെന്ന് പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ 29 വരെ ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിലാണ് കാമ്പയിൻ നടക്കുന്നത്. കാമ്പയിൻ ഡൽഹിയിൽ ആരംഭിക്കും. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും കാമ്പയിൻ നടക്കും.
ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ് ഈ നഗരങ്ങളിൽ നടക്കുക. ഒമാൻ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥർക്ക് പുറമേ ഒമാനിലെ ടൂറിസം കമ്പനികളുടെയും ഹോട്ടലുകളുടെയും എയർലൈനുകളുടെയും പ്രതിനിധികളും കാമ്പയിനിൽ പങ്കെടുക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും അന്താരാഷ്ട്ര കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും വേദിയാകാനുള്ള ഒമാന്‍റെ സാധ്യതകൾ കൂടി അവതരിപ്പിക്കുമെന്നും പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ജനറലിലെ അസി. ഡയറക്ടർ അസ്മാ ബിൻത് സലിം അൽ ഹജ്രി പറഞ്ഞു. 'ഇന്ത്യ ഒമാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ് ആണ്. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അവരുടെ താൽപര്യങ്ങളും ആവശ്യകതകളും അനുസരിച്ചുള്ള പാക്കേജുകൾ ആണ് കാമ്പയിനിലൂടെ അവതരിപ്പിക്കുക. ഒമാനിലെ ആഡംബര സൗകര്യങ്ങൾ അനുഭവിക്കാൻ എത്തുന്നതിന് ഉയർന്ന വരുമാനമുള്ളവരെ ലക്ഷ്യമിട്ടുള്ള പ്രമോഷൻ പരിപാടികളുമുണ്ട്' -അവർ പറഞ്ഞു.
കോവിഡ് മഹാമാരിക്ക് മുമ്പ് ഇന്ത്യയിൽനിന്ന് കൂടുതലായി സഞ്ചാരികൾ ഒമാനിലേക്ക് എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം, എയർലൈൻ, ഹോട്ടൽ കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ആ നിലയിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം സഹകരണത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അസ്മാ ബിൻത് സലിം അൽ ഹജ്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.