ദോഫാറിൽ ഗോതമ്പ് വിളവെടുപ്പിൽ വർധന; 1500 ടണ്ണിലധികം ഗോതമ്പാണ് ഈ സീസണിൽ ലഭിച്ചത്
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഗോതമ്പ് വിളവെടുപ്പിൽ വർധന. നജ്ദ് മേഖലയിലെ ഫാമുകളിൽ നടന്ന വിളവെടുപ്പിൽ 1500 ടണ്ണിലധികം ഗോതമ്പാണ് ഈ സീസണിൽ ലഭിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ടണ്ണിലധികം വർധനയാണ് ഈ സീസണിലുണ്ടായത്. ഈ വർഷം കൂടുതൽ സ്ഥലങ്ങളിൽ കൃഷി നടത്തിയതാണ് വിളവെടുപ്പ് വർധിക്കാൻ സഹായകമായത്. കഴിഞ്ഞ സീസണിൽ 252 ഹെക്ടറിലായിരുന്നു കൃഷിയെങ്കിൽ ഈ വർഷം 649.74 ഹെക്ടർ ആയി ഉയർന്നുവെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ, ഫിഷറീസ്, ജലവിഭവ വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ റാഷിദ് ബിൻ സയീദ് അൽ ഗഫ്രി പറഞ്ഞു.
വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഗുണനിലവാരം, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ അനുകൂല ഘടകങ്ങളാൽ നജ്ദ് പ്രദേശം ഗോതമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. കൃഷികളുടെ വളർച്ചക്കും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയം നടത്തിയ ശ്രമങ്ങളുടെ ഫലമായി നജ്ദ് മേഖലയിൽ ഗോതമ്പുകൃഷി വൻതോതിൽ വർധിച്ചിട്ടുണ്ടെന്ന് റാഷിദ് ബിൻ സയീദ് അൽ ഗഫ്രി ചൂണ്ടിക്കാട്ടി. വിവിധ ഗവർണറേറ്റുകളിൽ വിളവെടുപ്പ് പരോഗമിക്കുകയാണ്. ദാഖിലിയ ഗവർണറേറ്റിലെ അൽഹംറ വിലായത്തിലെ 40 ഏക്കർ സ്ഥലത്താണ് വിളവെടുപ്പ് നടക്കുന്നത്.
ഈ സീസണിലെ ഉൽപാദനം ഇവിടെ 50 ടണ്ണിൽ എത്തുമെന്നാണ് കരുതുന്നത്. മെച്ചപ്പെട്ട വിത്തുകൾ, മാർഗനിർദേശം, ദിശാബോധം, വിളവെടുപ്പ് സേവനങ്ങൾ എന്നിവ നൽകി ഒമാനി ഗോതമ്പുകൃഷി ഉൾപ്പെടെ വിവിധ കാർഷിക വിളകളുടെ കൃഷി നിലനിർത്താൻ മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
രാജ്യത്ത് 2020-2021 സീസണിൽ 2449 ഏക്കറിലായിരുന്നു ഗോതമ്പുകൃഷി ചെയ്തിരുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനയാണ് ഇത്. കർഷകരുടെ എണ്ണത്തിലും 5.5 ശതമാനം വർധനയുണ്ടായി. ഏറ്റവും കൂടുതൽ ഗോതമ്പ് വിള ഉൽപാദിപ്പിച്ചിരിക്കുന്നത് ദാഖിലയ ഗവർണറേറ്റാണ്.
ഒമാനിലെ ഗോതമ്പുൽപാദനം മെച്ചപ്പെടുത്താൻ നിരവധി അന്താരാഷ്ട്ര, പ്രാദേശിക ഗവേഷക കേന്ദ്രങ്ങളുമായി മന്ത്രാലയം ബന്ധപ്പെടുകയും കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതിപ്രശ്നം, ജനിതകപ്രശ്നം അടക്കമുള്ള കാർഷിക മേഖലയിലെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണാനും മന്ത്രാലയം ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.