ഫിഷറീസ് മേഖലയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഇന്ത്യയും ഒമാനും
text_fieldsമസ്കത്ത്: ഫിഷറീസ് മേഖലയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഒമാനും. ഇതിന്‍റെ ഭാഗമായി ഇൻഡോ-ഗൾഫ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (ഐ.എൻ.എം.ഇ.സി.സി) ഒമാൻ ചാപ്റ്റർ ഞായറാഴ്ച ഒമാൻ ഫിഷറീസ് മേഖലയിലെ വിവിധ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചർച്ച സംഘടിപ്പിക്കും.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നടക്കുന്ന പരിപാടിയിൽ മത്സ്യബന്ധന മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, മത്സ്യബന്ധന സമ്പത്ത് സമ്പന്നമാക്കുക, നിലവിലുള്ള വ്യാപാരം നിലനിർത്താനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) കീഴിലുള്ള വിദേശ നിക്ഷേപ കമ്മിറ്റിയുമായി (എഫ്.ഐ.സി) സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒമാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുമെന്ന് ഒ.സി.സി.സി.ഐയുടെ എഫ്‌ഐസിയുടെ കോർഡിനേറ്റർ ഷുറൂഖ് അൽ ഫാർസിയും ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റിന്റെ സെക്രട്ടറി. സി.കെ ഖന്നയും പറഞ്ഞു. ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ അൽ റവാസ് പരിപാടിക്ക് നേതൃത്വം നൽകും.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഒ.സി.സി.ഐ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ്, ഐ.എൻ.എം.ഇ.സി.സി ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, ഐ.എൻ.എം.ഇ.സി.സി ചെയർമാൻ ഡോ. എൻ.എം. ഷറഫുദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ‘മസ്‌കത്ത് വാട്ടർ മെട്രോ-ഒരു ടൂറിസ്റ്റ് വീക്ഷണം’ എന്ന വിഷയത്തിൽ കേരള സർക്കാരിന്റെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, സമുദ്ര ഷിപ്പിങ് ഇന്ത്യയുടെ എം.ഡി ജീവൻ, ‘ഒമാൻ മത്സ്യബന്ധനത്തിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിൽ സീ പ്രൈഡ് ഒമാനിലെ മുഹമ്മദ് അമീനും സംസാരിക്കും.
‘മത്സ്യമേഖലയിലെ അവസരങ്ങളും വെല്ലുവിളികളും’എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മുഹമ്മദ് അമീൻ, വാരിത് അൽ ഖറൂസി, ഡോ. ഷെറി മോൻ, മുഹമ്മദ് അൽ ലവാതി, എൻജിനീയർ രേദ ബൈത്ത് ഫരാജ്, ഫിഷറീസ് പ്രതിനിധികൾ, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ വിദഗ്ധർ എന്നിവരും പങ്കെടുക്കും. ഡോ. വി.എം.എ. ഹക്കിം മോഡറേറ്റർ ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.