മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യ-ഒമാൻ ധാരണ
text_fieldsമസ്കത്ത്: വടക്കൻ അറബിക്കടലിലെ മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ. ഒമാൻ പ്രതിരോധമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒമാൻ-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതി യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി. ചൊവ്വാഴ്ച ന്യൂഡൽഹിയിലായിരുന്നു ഇരുവരും ചർച്ച നടത്തിയത്. പ്രതിരോധ വ്യവസായ സഹകരണം വർധിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താനും പരസ്പര താൽപര്യമുള്ള മേഖലകൾ പരിശോധിക്കാനും തീരുമാനമായി. സംയുക്ത സൈനിക അഭ്യാസങ്ങൾ, വ്യവസായ സഹകരണം, നിലവിലുള്ള വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും അവലോകനം ചെയ്തു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതി യോഗം ഒമാനിൽ നടത്താനും ധാരണയായി.
കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ്, സൈനിക പരിശീലന സ്ഥാപനങ്ങൾ, തദ്ദേശീയ വിമാനവാഹിനിക്കപ്പൽ വിക്രാന്ത് തുടങ്ങിയവയും ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി സന്ദർശിക്കും. പ്രതിരോധമന്ത്രാലയത്തിലെയും സുൽത്താൻ സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് ഒമാൻ പ്രതിനിധി സംഘത്തിലുള്ളത്. ബുധനാഴ്ച ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി ഇന്ത്യൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ മനോജ് മുഖുന്ദ് നിർവാനുമായും ചർച്ച നടത്തി. സംയുക്ത സൈനിക സഹകരണ സമിതി യോഗത്തിന്റെ മിനിറ്റ്സിൽ ഇരുവരും ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യയിലെ ഒമാൻ അംബാസഡർ ശൈഖ് ഹമദ് ബിൻ സെയ്ഫ് അൽ റവാഹിയും സംബന്ധിച്ചു. ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ എല്ലാവശങ്ങളും സമഗ്രമായി അവലോകനം ചെയ്യുന്നതിനും മാർഗനിർദേശം നൽകുന്നതിനുമുള്ള ഇന്ത്യയുടെയും ഒമാനിലെയും പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിലുള്ള ഉന്നത ബോഡിയാണ് സൈനിക സഹകരണ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.