ഇന്ത്യ-ഒമാൻ നയതന്ത്ര വാർഷിക ലോഗോ പ്രകാശനം ചെയ്തു
text_fieldsഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ വിദേശകാര്യ മന്ത്രിമാരായ സയ്യിദ് ബദർ അൽബുസൈദി, ഡോ. എസ്. ജയ്ശങ്കർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോഗോയും പുസ്തകവും പുറത്തിറക്കി. മസ്കത്തിൽ നടന്ന എട്ടാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ ആണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തത്. ‘മാണ്ഡ്വി ടു മസ്കത്ത്: ഇന്ത്യൻ കമ്മ്യൂണിറ്റി ആൻഡ് ദി ഷെയേർഡ് ഹിസ്റ്ററി ഓഫ് ഇന്ത്യ ആൻഡ് ഒമാൻ' എന്ന പുസ്തമാണ് പ്രകാശനം ചെയ്തത്.
ഇരു രാജ്യങ്ങളുടെയും പങ്കിട്ട ചരിത്രവും ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളും ദീർഘകാല ബന്ധത്തിന്റെ ആഴവും പരപ്പും വിശദമാക്കുന്നുണ്ട് പുസ്തകം. ഒമാനി സമൂഹത്തിനും വ്യാപാരത്തിനും ഇന്ത്യൻ പ്രവാസികൾ നൽകിയ സംഭാവനകളെ കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. മസ്കത്ത് മീഡിയ ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഒമാൻ വദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ എന്നിവയിലെ സഹകരണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ എക്സിൽ കുറിച്ചു.എട്ടാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനം വിജയകരമായി നടത്തുന്നതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. നയതന്ത്ര ബന്ധങ്ങളുടെ 70-ാം വാർഷികം ആഘോഷിക്കുന്ന ലോഗോ സംയുക്തമായി പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സാമ്പത്തിക, സുരക്ഷാ സഹകരണത്തിനുള്ള വെല്ലുവിളികളും സഹകരണപരമായ പരിഹാരങ്ങളും ചർച്ച ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.