തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ-ഒമാൻ
text_fieldsമസ്കത്ത്: ഒമാൻ-ഇന്ത്യ ഒമ്പതാമത് തന്ത്രപരമായ ചർച്ച യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു. ഒമാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ മേജർ ഇദ്രീസ് അബ്ദുറഹ്മാൻ അൽ കിന്ദി, ഇന്ത്യൻ ദേശീയ സുരക്ഷ ഉപ ഉപദേഷ്ടാവ് വിക്രം മിശ്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇരു രാജ്യങ്ങളും തമ്മിലെ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളും തന്ത്രപരമായ കാര്യങ്ങളും ചർച്ച ചെയ്തു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ കഴിഞ്ഞ ഡിസംബറിലെ ഇന്ത്യ സന്ദർശനത്തോടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ നേതൃതലത്തിൽ സഹായകമാവുമെന്നും യോഗം വിലയിരുത്തി. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി തന്ത്രപരമായ വിഷയങ്ങളിൽ ചർച്ചകളും നടന്നു. സംയുക്ത സംരംഭങ്ങൾ, ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള ഭാവിപദ്ധതികൾ എന്നിവയുടെ പുരോഗതിയും വിലയിരുത്തി.
ഇന്ത്യൻ ദേശീയ സുരക്ഷ ഉപ ഉപദേഷ്ടാവ് വിക്രം മിശ്രി ഒമാൻ റോയൽ ഓഫിസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായും കൂടിക്കാഴ്ച നടത്തി. ഇരുവരും സംയുക്ത സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്യുകയും ഒമാനെയും ഇന്ത്യയെയും ഒരുമിച്ച് കൊണ്ടുവരുന്ന ചരിത്രപരമായ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.